പ്രളയബാധിതരെ കാത്തിരിക്കുന്നത് വീടുകളും കിണറുകളും ശുചീകരിക്കാനുള്ള വെല്ലുവിളി

Update: 2022-08-08 14:28 GMT

മാള: ജനങ്ങളെ ഭീതിയിലാഴ്ത്തിയും ദുരിതത്തിലാക്കിയുമുള്ള വെള്ളക്കെട്ടിന്റെ തോത് കുറഞ്ഞശേഷം നാട്ടുകാരെ ഇനി കാത്തിരിക്കുന്നത് വീടുകളും കിണറുകളും ശുചീകരിക്കാനുള്ള വെല്ലുവിളി. കുഴൂര്‍ ഗ്രാമപഞ്ചായത്തിലെ താഴ്ന്ന പ്രദേശങ്ങളില്‍ കിണറുകളിലേക്ക് വെള്ളമിറങ്ങിയിട്ടുണ്ട്. ഈ കിണറുകളിലെ വെള്ളം ഉപയോഗയോഗ്യമാക്കണമെങ്കില്‍ പൂര്‍ണമായും വറ്റിക്കണം. ഒന്നിലേറെ തവണ വറ്റിച്ചാലേ വിശ്വാസത്തോടെ ആ കിണറുകളിലെ വെള്ളം ഉപയോഗിക്കാനാകൂ. കുണ്ടൂര്‍, കൈനാട്ടുതറ, കൊച്ചുകടവ്, മേലാംതുരുത്ത്, പൂവ്വത്തുശ്ശേരി, വെണ്ണൂര്‍ മേഖലകളിലാണ് കൂടുതല്‍ പ്രശ്‌നം.

മുന്‍ വര്‍ഷങ്ങളില്‍ സ്വന്തം നിലയില്‍ വെള്ളം വറ്റിച്ചാണ് ദുരിതബാധിതര്‍ കിണര്‍ ഉപയോഗിച്ചത്. കിണറുകള്‍ വറ്റിച്ച് ശുചീകരിക്കുന്നതിന് മോട്ടോറുകളുടെ ലഭ്യതക്കുറവ് തടസ്സമായേക്കും. കൂടാതെ നല്ലൊരു തുക ഇതിനായി കണ്ടെത്തുകയും വേണം. മഴയും പ്രളയവും മൂലം ആളുകള്‍ക്ക് പണിയില്ലാതെ ഇരിക്കുമ്പോഴാണ് ഇത്തരമൊരാവശ്യം കൂടിയാകുന്നത്. കിണറുകള്‍ ക്ലോറിനേഷന്‍ നടത്തുന്നതിന് ഗ്രാമപഞ്ചായത്തും ആരോഗ്യവകുപ്പും പദ്ധതി തയ്യാറാക്കുന്നുണ്ടെന്ന് കുഴൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാജന്‍ കൊടിയന്‍ പറഞ്ഞു.

കുഴൂര്‍ ഗ്രാമപഞ്ചായത്തിലെ പലയിടങ്ങളിലേയും വെള്ളം ഇതുവരെ ഇറങ്ങിയിട്ടില്ല. കുണ്ടൂര്‍ കൊക്കാട്ട് കുട്ടപ്പന്റെ വീട് അടക്കം നിരവധി വീടുകള്‍ ഇപ്പോഴും വെള്ളത്തിലാണ്. തിരുത്ത-ചക്കാട്ടിക്കുന്ന് റോഡടക്കം ഒട്ടനവധി റോഡുകളിപ്പോഴും വെള്ളത്തിലാണ്. ഇത് കൂടാതെ വീടുകളില്‍ ശുചീകരണം നടത്തുകയെന്നതും വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്.

വെള്ളം ഉയര്‍ന്നുവന്നപ്പോള്‍ ഉള്‍പ്രദേശങ്ങളിലേക്കുള്ള വൈദ്യുതി ബന്ധം കെഎസ്ഇബി വിച്ഛേദിച്ചത് ഇതുവരെ പുനഃസ്ഥാപിക്കാത്തത് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്.

വെള്ളത്തോടൊപ്പം ഇഴജന്തുക്കളെത്തിയിട്ടുണ്ടെങ്കില്‍ വെളിച്ചമില്ലാതെ ശുചീകരണം നടത്തുമ്പോള്‍ അപകടസാദ്ധ്യതയുണ്ട്. വെള്ളം ഇറങ്ങാതെ അപാകതകളുണ്ടെങ്കില്‍ കണ്ടെത്താനാകില്ലെന്നാണ് കെഎസ്ഇബി പറയുന്നത്. കൊച്ചുകടവ് മുഹിയിദ്ദീന്‍ ജുമാ മസ്ജിദിലും വൈദ്യുതിയില്ലാത്തതിനാല്‍ ബാങ്ക് അടക്കമുള്ളവ തടസ്സപ്പെട്ടിരിക്കയാണ്.

Similar News