ഊരിപ്പിടിച്ച വാളുപോയിട്ട് ഒരു പേനപോലുമില്ലാതെയാണ് പ്രതിഷേധിച്ചത്; വിമാനത്തിലെ പ്രതിഷേധത്തില്‍ ചോദ്യം ചെയ്യലിന് ഹാജരായി ശബരീനാഥ്

വധശ്രമത്തിന് കേസെടുത്തത് മുഖ്യമന്ത്രിയുടെ ഭീരുത്വമാണ് കാണിക്കുന്നത്

Update: 2022-07-19 06:15 GMT

തിരുവനന്തപുരം: വിമാനത്തിനുള്ളില്‍ മുഖ്യമന്ത്രിയെ വധിക്കാന്‍ ശ്രമിച്ചുവെന്ന കേസില്‍ ചോദ്യം ചെയ്യലിനായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റും മുന്‍ എംഎല്‍എയുമായ കെ എസ് ശബരിനാഥ് പോലിസ് സ്‌റ്റേഷനില്‍ ഹാജരായി. വലിയതുറ പോലിസ് സ്‌റ്റേഷനിലാണ് ശബരിനാഥ് ഹാജരായത്. ശംഖുമുഖം അസി. കമ്മീഷണര്‍ പൃഥിരാജാണ് ശബരിനാഥിനെ ചോദ്യം ചെയ്യുക. വിമാനത്തിലെ പ്രതിഷേധത്തില്‍ കേസെടുത്തത് സര്‍ക്കാരിന്റെ ഭീരുത്വമാണെന്ന് കാണിക്കുന്നതെന്ന് ശബരിനാഥ് വിമര്‍ശിച്ചു.

ഒരു ജനാധിപത്യ സംവിധാനത്തില്‍ പ്രതിഷേധിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ടെന്നും സമാധാനപരമായിട്ടാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വിമാനത്തില്‍ പ്രതിഷേധിച്ചതെന്നും ശബരിനാഥ് പറഞ്ഞു. സംഘടന ആലോചിച്ചാണ് സമരം നടത്തിയത്. ഊരിപിടിച്ച വാളുപോയിട്ട് ഒരു പേന പോലുമില്ലാതെയാണ് പ്രതിഷേധിച്ചത്. ജനാധിപത്യ മര്യാദ പാലിച്ചായിരുന്നു സമരമെന്നും മുഖ്യമന്ത്രിയെ വധിക്കാന്‍ കേസെടുത്ത് ഭീരുത്വമാണെന്നും അദ്ദേഹം പറഞ്ഞു.

യൂത്ത് കോണ്‍ഗ്രസ് സ്വതന്ത്ര സംഘടനയാണ്. യൂത്ത് കോണ്‍ഗ്രസ് എടുക്കുന്ന തീരുമാനം സംഘടനയുടേതാണ്. പാര്‍ട്ടി നിര്‍ദ്ദേശപ്രകാരമല്ല യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തിക്കുന്നതെന്ന് പറഞ്ഞ ശബരിനാഥ്, പ്രചരിച്ച സ്‌ക്രീന്‍ ഷോട്ടിലുള്ളത് തന്റെ സന്ദേശമാണോയെന്ന് പോലിസിനോട് ചോദിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

Tags: