13കാരിയെ ബലാല്‍സംഗം ചെയ്തു; അഞ്ചു സ്‌കൂള്‍ അധ്യാപകര്‍ അറസ്റ്റില്‍

Update: 2026-02-22 05:31 GMT

ഭുവനേശ്വര്‍: ഒഡീഷയിലെ കേന്ദ്രപാറ ജില്ലയില്‍ 13 വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ അഞ്ചു സ്വകാര്യ സ്‌ക്കൂള്‍ അധ്യാപകരെ പോലിസ് അറസ്റ്റ് ചെയ്തു. ഇന്നലെയാണ് അറസ്റ്റ് ചെയ്തതെന്ന് പോലിസ് അറിയിച്ചു. ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയുടെ പിതാവും ജില്ലാ ശിശുക്ഷേമ സമിതിയും നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് രാജ്കണിക പോലിസ് കേസെടുത്തത്. ഏറെക്കാലമായി അധ്യാപകര്‍ ലൈംഗികമായി പീഡിപ്പിച്ചുവരുന്നതായി പെണ്‍കുട്ടി വെളിപ്പെടുത്തിയതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ ജില്ലാ ശിശുക്ഷേമ സമിതിയെ സമീപിക്കുകയായിരുന്നു.

ഫെബ്രുവരി 18നാണ് ശിശുക്ഷേമ സമിതിക്ക് പരാതി ലഭിച്ചതെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. പ്രാഥമിക അന്വേഷണത്തിന് പിന്നാലെ നിയമനടപടികള്‍ക്കായി കേസ് പോലിസിന് കൈമാറി. പരാതിയുടെ അടിസ്ഥാനത്തില്‍ പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി വൈദ്യപരിശോധനയും നടത്തി. സംഭവത്തില്‍ പ്രത്യേക അന്വേഷണം നടത്താന്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസറോട് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് അധ്യാപകരെ അറസ്റ്റ് ചെയ്തതെന്നും കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും രാജ്കണിക പോലിസ് സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ഇന്‍ ചാര്‍ജ് സഞ്ജയ് മല്ലിക് അറിയിച്ചു.

Tags: