പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടബലാല്‍സംഗം ചെയ്തു; അഞ്ചു പേര്‍ക്ക് 20 വര്‍ഷം കഠിന തടവ്

Update: 2025-10-30 10:10 GMT

ഫുല്‍ബാനി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടബലാല്‍സംഗം ചെയ്ത കേസില്‍ അഞ്ചു പ്രതികള്‍ക്ക് 20 വര്‍ഷം കഠിന തടവ്. ഒഡിഷയിലെ കാണ്ഡമാല്‍ ജില്ലാ കോടതിയാണ് വിധി പ്രസ്താവിച്ചത്. 16 മാസങ്ങള്‍ക്ക് മുന്‍പാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരേ ലൈംഗികാതിക്രമണം നടന്നത്.

ഫുല്‍ബാനിയിലെ കാണ്ഡമാല്‍ ജില്ലാ കോടതിയിലെ ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജി കൈലാഷ് ചന്ദ്ര സ്വെയ്ന്‍ ആണ് ശിക്ഷ വിധിച്ചത്. ഓരോ പ്രതിക്കും 26,000 രൂപ വീതം പിഴയും, പിഴയടക്കാനാകാത്ത പക്ഷം അഞ്ചു വര്‍ഷം കൂടി തടവുശിക്ഷയും വിധിച്ചിട്ടുണ്ട്.

2024 ഏപ്രില്‍ 24ന് രാത്രി പിസ്റ്റളും കഠാരയുമായി മുഖംമൂടി ധരിച്ച അക്രമികള്‍ പെണ്‍കുട്ടിയുടെ വീട്ടില്‍ അതിക്രമിച്ചു കയറി. സ്വര്‍ണാഭരണങ്ങളും 50,000 രൂപയും കൊള്ളയടിച്ച ശേഷം പെണ്‍കുട്ടിയെ പുറത്തേക്ക് വലിച്ചിഴച്ച് കൂട്ടബലാല്‍സംഗം ചെയ്യുകയായിരുന്നു. അടുത്ത ദിവസം പെണ്‍കുട്ടിയുടെ അച്ഛന്‍ ഫിരിംഗിയ പോലിസ് സ്റ്റേഷനില്‍ പരാതി നല്‍കി. തുടര്‍ന്ന് ഒളിവില്‍ പോയ പ്രതികളെ പോലിസ് കണ്ടെത്തി അറസ്റ്റ് ചെയ്തു.

പ്രതികള്‍ 24 മുതല്‍ 47 വയസുവരെയുള്ള ഡാരിംഗ്ബാദി പോലിസ് സ്റ്റേഷന്‍ പരിധിയിലെ സ്വദേശികളാണ്. വിചാരണക്കിടെ 18 സാക്ഷികളെ വിസ്തരിച്ചു. ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയോട് പെണ്‍കുട്ടിക്ക് ആറുലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനും കോടതി ഉത്തരവിട്ടു.

Tags: