അങ്ങാടിപ്പുറത്ത് ഗൃഹനാഥനെയും കുടുംബത്തെയും ആക്രമിച്ച കേസില്‍ അഞ്ചു പേര്‍ അറസ്റ്റില്‍
പെരിന്തല്‍മണ്ണ: അങ്ങാടിപ്പുറം വലമ്പൂരില്‍ ഗൃഹനാഥനെയും കുടുംബത്തെയും വീട്ടില്‍ക്കയറി മര്‍ദ്ദിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ അഞ്ചു പേര്‍ അറസ്റ്റില്‍. വലമ്പൂര്‍ സ്വദേശികളായ കളംപറമ്പില്‍ മുഹമ്മദ് മുര്‍ഷിദ് (24), കളംപറമ്പില്‍ ഇര്‍ഷാദ് അലി (ബോക്സ് അലി-32), മാമ്പ്ര വീട്ടില്‍ അബുതാഹിര്‍ (37), മൂന്നാക്കല്‍ നൗഷാദ്(38), മുണ്ടക്കല്‍ സുനില്‍ കുമാര്‍(43) എന്നിവരെയാണ് ഡിവൈഎസ്പി പി സി ഹരിദാസന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അറസ്റ്റു ചെയ്തത്.
കഴിഞ്ഞ 28-ന് പൂപ്പലം പൊതുവത്തില്‍ കോളനിയിലെ സുബ്രഹ്മണ്യനെയും കുടുംബത്തെയുമാണ് സംഘം മര്‍ദ്ദിച്ചത്. മാരാകായുധം ഉപയോഗിച്ചുള്ള മര്‍ദ്ദനത്തില്‍ സുബ്രഹ്മണ്യന്റെ മുഖത്തെ എല്ലിന് പൊട്ടലുണ്ടായി. തടയാന്‍ ചെന്ന മാതാവിനെയും സഹോദരിയേയും കൈയേറ്റം ചെയ്യുകയും മൊബൈല്‍ ഫോണ്‍ അപഹരിക്കുകയും ചെയ്തു. പരാതിക്കാരന്റെ വീടിന് സമീപം പ്രതികള്‍ മദ്യപിച്ച് ബഹളം വെക്കുകയും ഇത് ചോദ്യം ചെയ്തതിനെ തുടര്‍ന്ന് മര്‍ദിച്ചൂവെന്നുമാണ് പരാതി.
പ്രതികള്‍ പെരിന്തല്‍മണ്ണ സ്റ്റേഷനിലെ സമാനമായ പത്തോളം കേസുകള്‍ ഉള്‍പ്പെടെ വിവിധ സ്റ്റേഷനുകളില്‍ അടിപിടി, വധശ്രമ കേസുകളില്‍ ഉള്‍പ്പെട്ടവരാണെന്ന് പോലീസ് പറഞ്ഞു. പ്രതികളുടെ പേരില്‍ 'കാപ്പ' ഉള്‍പ്പെടെയുള്ള നിയമനടപടികള്‍ സ്വീകരിക്കുമെന്ന് ഡിവൈഎസ്പി. അറിയിച്ചു. പോലീസ് ഇന്‍സ്‌പെക്ടര്‍ ശശീന്ദ്രന്‍ മേലയില്‍, എസ്‌ഐമാരായ ബിനോയ്, അബ്ദുള്‍ അസീസ്, സിപിഒമാരായ സജീര്‍, മിഥുന്‍, മുജീബ്, പ്രമോദ്, എം.പി. രാജേഷ്, ജോസഫ്, സുനിജ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. പ്രതികളെ പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കി.
