ലക്ഷദ്വീപ് ജനതക്ക് പിന്തുണയുമായി മല്‍സ്യത്തൊഴിലാളി ഫെഡറേഷന്‍

Update: 2021-06-07 08:44 GMT

പരപ്പനങ്ങാടി: ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്ലാ ഖോദപട്ടേല്‍ നടപ്പിലാക്കുന്ന കരിനിയമങ്ങള്‍ക്കും വേട്ടക്കുമെതിരെ സമരം ചെയ്യുന്ന ദ്വീപ് ജനതക്കൊപ്പം അവസാനം വരേ കേരളത്തിലെ മല്‍സ്യതൊഴിലാളികളുണ്ടാവുമെന്ന് മല്‍സ്യതൊഴിലാളി ഫെഡറേഷന്‍(എസ്.ടി.യു) സംസ്ഥാന പ്രസിഡണ്ട് ഉമ്മര്‍ ഒട്ടുമ്മല്‍ പറഞ്ഞു. സ്വന്തം വീടുകള്‍ക്ക് മുന്നില്‍ പ്ലേ കാര്‍ഡും പിടിച്ച് നിലനില്‍പിന്നായി നിരാഹാരസമരം നടത്തുന്ന ദ്വീപ് ജനതക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുകൊണ്ട് മത്സ്യതൊഴിലാളി ഫെഡറേഷന്‍(എസ്.ടി.യു) മലപ്പുറം ജില്ലാ കമ്മറ്റിയുടെ തീരുമാനപ്രകാരം പരപ്പനങ്ങാടി ഹെഡ് പോസ്റ്റ് ഓഫിസിനു മുന്നില്‍ നടത്തിയ സമരം ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ലക്ഷദ്വീപിലെ മല്‍സ്യതൊഴിലാളികളുടെ ഉപകരണസൂക്ഷിപ്പ് ഷെഡുകള്‍ തച്ചുതകര്‍ത്ത അഡ്മിനിസ്‌ട്രേറ്ററുടെ നടപടി ക്രൂരമാണെന്നും ലക്ഷദ്വീപിലെ ജനതയും കേരളത്തിലെ മല്‍സ്യതൊഴിലാളികളും തമ്മില്‍ പൊക്കിള്‍കൊടി ബന്ധമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ദ്വീപിനെ ടൂറിസ്റ്റ് കേന്ദ്രമാക്കുന്നതിനുവേണ്ടി പ്രദേശവാസികളെ നാടുകടത്താനാണ് ശ്രമം നടക്കുന്നത്. പ്രകൃതിവിഭവങ്ങള്‍ നശിപ്പിച്ച് സമാധാനജീവിതം താറുമാറാക്കി ഭരണഘടനാവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന പ്രഫുല്‍ പട്ടേലിനെ തിരികെവിളിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

എ പി ഇബ്രാഹിം അദ്ധ്യക്ഷത വഹിച്ചു. മുനിസിപ്പല്‍ ചെയര്‍മാന്‍ എ ഉസ്മാന്‍, റസ്സാക്ക് ചേക്കാലി, നവാസ് ചിറമംഗലം, ടി ആര്‍ റസ്സാക്ക്, റസ്സാക്ക് കൊയ്യാമിന്റെ, കെ പി നാസ്സര്‍, സി എസ് സൈതലവി, പി പി നബീല്‍ പ്രസംഗിച്ചു.

Similar News