ശക്തമായ കാറ്റിന് സാധ്യത; മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

ഇന്നു മുതല്‍ അടുത്ത നാലുദിവസങ്ങളില്‍ മല്‍സ്യ തൊഴിലാളികള്‍ ജാഗ്രത പാലിക്കണം

Update: 2021-05-27 10:57 GMT

തിരുവനന്തപുരം: ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് കേന്ദ്രകാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കേരള തീരത്ത് ഇന്നും നാളെയും  29നും മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ മല്‍സ്യ തൊഴിലാളികള്‍ കടലില്‍ പോകാന്‍ പാടില്ല.

പ്രത്യേക ജാഗ്രത നിര്‍ദ്ദേശം

തെക്കുപടിഞ്ഞാറന്‍ വടക്കുപടിഞ്ഞാറന്‍ മധ്യപടിഞ്ഞാറന്‍ അറബിക്കടല്‍,തെക്കു പടിഞ്ഞാറന്‍ വടക്കുപടിഞ്ഞാറന്‍ മധ്യപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍, തമിഴ്‌നാട് കന്യാകുമാരി ആന്ധ്രാതീരങ്ങള്‍ എന്നീ സമുദ്രഭാഗങ്ങളില്‍ ഇന്നും നാളെയും 29നും മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ട്.

ഈമാസം 30, 31 തിയതികളില്‍ തെക്കുപടിഞ്ഞാറന്‍ വടക്കുപടിഞ്ഞാറന്‍ മധ്യപടിഞ്ഞാറന്‍ അറബിക്കടല്‍, ബംഗാള്‍ ഉള്‍ക്കടലിന്റെ മധ്യഭാഗത്തും,ബംഗാള്‍ ഉള്‍ക്കടലിന്റെ തെക്കുഭാഗത്തും മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ട്.

ഉയര്‍ന്ന തിരമാല ജാഗ്രത മുന്നറിയിപ്പ്

ഇന്ന് രാത്രി 11:30 വരെ 3 മുതല്‍ 3.8 മീറ്റര്‍ ഉയരത്തില്‍ പൊഴിയൂര്‍ (തിരുവനന്തപുരം) മുതല്‍ കാസര്‍ഗോഡ് വരെ ശക്തമായ തിരമാലകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണകേന്ദ്രം അറിയിച്ചു.

നാളെ രാത്രി 11:30 വരെ 3.5 മുതല്‍ നാലു മീറ്റര്‍ ഉയരത്തില്‍ കുളച്ചല്‍ മുതല്‍ ധനുഷ്‌കോടി വരെ ശക്തമായ തിരമാലകളുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു.

Tags: