കടലില്‍ അപകടത്തില്‍പ്പെട്ട മല്‍സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി

Update: 2022-06-30 18:15 GMT

കണ്ണൂര്‍: തലശ്ശേരിയില്‍ നിന്നും മല്‍സ്യബന്ധനത്തിന് പോയി അപകടത്തില്‍പ്പെട്ട മല്‍സ്യത്തൊഴിലാളികളെ തലശ്ശേരി തീരദേശ പോലിസും മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റും ചേര്‍ന്ന് രക്ഷപ്പെടുത്തി. വ്യാഴാഴ്ച പുലര്‍ച്ചെ 6.30 മണിക്ക് കടലില്‍ മല്‍സ്യബന്ധനത്തിന് പോയി തിരിച്ചുവരുന്ന നന്ദനം എന്ന വള്ളമാണ് അപകടത്തില്‍പ്പെട്ടത്. തലശ്ശേരി തലായി ഹര്‍ബറില്‍ നിന്നും ഒരു നോട്ടിക്കല്‍ മൈല്‍ അകലെ കടലില്‍ ശക്തമായ തിരയില്‍പ്പെട്ട് വള്ളം മറിയുകയായിരുന്നു. വള്ളത്തില്‍ ഉണ്ടായിരുന്ന തൊഴിലാളികളായ തലശ്ശേരി പാലയാട് സ്വദേശി മനോജ്, തലശ്ശേരി ചാലില്‍ സ്വദേശി ഉസ്സന്‍, ഓഡിഷ സ്വദേശി ബാപ്പുണ്ണി എന്നിവരെയാണ് രക്ഷാപ്രവര്‍ത്തകര്‍ രക്ഷപ്പെടുത്തി തിരികെയെത്തിച്ചത്.

അപകടത്തില്‍പ്പെട്ട ഫൈബര്‍ വള്ളം തലശ്ശേരി തീരദേശ പോലിസ് തലായി ഹാര്‍ബറിലെത്തിച്ചു. തലായി ഹാര്‍ബറില്‍ നിന്നും ആറ് നോട്ടിക്കല്‍ മൈല്‍ അകലെ മല്‍സ്യബന്ധനം കഴിഞ്ഞ് തിരികെ ഗോപാല്‍പേട്ട ഹര്‍ബറിലേക്ക് വരുന്ന വഴിയാണ് വള്ളം തലകീഴായി മറിഞ്ഞ് അപകടത്തില്‍പ്പെട്ടത്. തൊഴിലാളികള്‍ മറിഞ്ഞ വള്ളത്തിലെ കയറില്‍ പിടിച്ചുനിന്നതിനാല്‍ വലിയ ദുരന്തമൊഴിവായി. അപകടവിവരം അറിഞ്ഞ തലശ്ശേരി തീരദേശ പോലിസ് ഇന്‍സ്‌പെക്ടര്‍ ബിജു പ്രകാശിന്റെ നേതൃത്വത്തില്‍ മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റുമായി ചേര്‍ന്ന് നടത്തിയ രക്ഷാപ്രവര്‍ത്തനത്തിലാണ് മല്‍സ്യബന്ധനത്തൊഴിലാളികളെ രക്ഷപ്പെടുത്താനായത്.

മൂന്നു മല്‍സ്യബന്ധന തൊഴിലാളികളെയും തീരദേശ പോലിസ് റസ്‌ക്യു ബോട്ടില്‍ തലായി ഹാര്‍ബറിലും പിന്നീട് തലശ്ശേരി ഗവണ്‍മെന്റ് ഹോസ്പിറ്റലിലും എത്തിച്ച് പ്രഥമ ശുശ്രൂഷ നല്‍കി. തലശ്ശേരി തീരദേശ പോലിസ് സ്‌റ്റേഷനിലെ എസ്‌ഐമാരായ വിനോദ് കുമാര്‍ എ, പ്രമോദ് പി വി, സിവില്‍ പോലിസ് ഓഫിസര്‍മാരായ ഷിനില്‍ വി കെ, ഷിനില്‍ പി വി, രജീഷ്, കോസ്റ്റല്‍ വാര്‍ഡന്‍മാരായ സരോഷ്, നിരഞ്ജന്‍, മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് എഎസ്‌ഐ ക്ലീറ്റസ് റോച്ച, ഇജഛ ദില്‍ജിത്ത്, ഗാര്‍ഡുമാരായ സനിത്ത് ടി പി, ദിജേഷ്, ബോട്ട് സ്രാങ്ക് തദയൂസ്, ദേവദാസ് തുടങ്ങിയവരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി.

Tags:    

Similar News