എസ്ഡിപിഐയുടെ താനൂര്‍ ഫിഷറീസ് ഓഫിസ് മാര്‍ച്ച് വെള്ളിയാഴ്ച

Update: 2022-08-24 11:58 GMT

താനൂര്‍: മത്സ്യത്തൊഴിലാളികളോടുള്ള സര്‍ക്കാരിന്റെ അവഗണനയില്‍ പ്രതിഷേധിച്ച് എസ്ഡിപിഐ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ആഗസ്റ്റ് 26ന് താനൂര്‍ ഫിഷറീസ് ഓഫിസിലേക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മലപ്പുറം ജില്ലയിലെ ഹാര്‍ബറുകള്‍ കേന്ദ്രീകരിച്ച് സുരക്ഷാഉപകരണങ്ങള്‍ ഒരുക്കുക, മത്സ്യബന്ധനത്തിന് ഇന്ധനസബ്‌സിഡി പുനഃസ്ഥാപിക്കുക, ജില്ലയിലെ കടല്‍ഭിത്തി നിര്‍മ്മാണം പൂര്‍ത്തീകരിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് മാര്‍ച്ച്.

ഇപ്പോള്‍ ജില്ലയിലെ മത്സ്യത്തൊഴിലാളികള്‍ അപകടത്തില്‍പ്പെട്ടാല്‍ കൊച്ചിയില്‍നിന്നും ബേപ്പൂരില്‍നിന്നും നാവികസേനയും സുരക്ഷാ ബോട്ടുകളും എത്തി വേണം രക്ഷാപ്രവര്‍ത്തനം നടത്താന്‍. ഇതിലെ കാലതാമസംമൂലം നിരവധി മത്സ്യത്തൊഴിലാളികള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിട്ടുണ്ട്. കേന്ദ്രം സബ്‌സിഡി വെട്ടിക്കുറച്ചതിനെ തുടര്‍ന്ന് മണ്ണെണ്ണയുടെയും ഡീസലിന്റേയും വിലവര്‍ദ്ധനവ് കാരണം കടലില്‍ പോകാനാവാത്ത അവസ്ഥയാണുള്ളത്.

ജില്ലയിലെ കടല്‍ഭിത്തി നിര്‍മ്മാണം പൂര്‍ത്തിയാക്കാത്തതിനാല്‍ നിരവധി വീടുകളും മത്സ്യബന്ധനഉപകരണങ്ങളും അപകടത്തില്‍പ്പെടുന്ന അവസ്ഥയുമുണ്ട്. കഴിഞ്ഞ കുറേ കാലമായി കേന്ദ്രസംസ്ഥാന സര്‍ക്കാറുകള്‍ മത്സ്യത്തൊഴിലാളികളെ അവഗണിക്കുകയാണ്. ഇവര്‍ക്കുവേണ്ടി പ്രത്യേക വികസന പാക്കേജ് തന്നെ പ്രഖ്യാപിക്കണം. ആരോഗ്യ വിദ്യഭ്യാസ മേഖലയില്‍ തീരദേശ ജനതയെ മുന്നോട്ട് നയിക്കാന്‍ സര്‍ക്കാരുകള്‍ പ്രത്യേക വികസന പദ്ധതികള്‍ തയ്യാറാക്കണം. പുതിയ സാഹചര്യത്തില്‍ മത്സ്യബന്ധനം ലാഭകരമല്ലാത്ത അവസ്ഥയിലാണുള്ളത്. മത്സ്യത്തൊഴിലാളികളുടെ യഥാര്‍ത്ഥ പ്രശ്‌നങ്ങള്‍ സര്‍ക്കാരുകള്‍ അവഗണിക്കുകയാണ്. വോട്ടുബാങ്കിനപ്പുറം തീരദേശ ജനതയെ മുഖ്യധാരാ പാര്‍ട്ടികള്‍ പരിഗണിക്കുന്നില്ലെന്നും എസ്.ഡി.പി.ഐ നേതാക്കള്‍ കുറ്റപ്പെടുത്തി. താനൂര്‍ ഫിഷറീസ് ഓഫിസിലേക്കുള്ള മാര്‍ച്ച് രാവിലെ 9 :30ന് താനൂര്‍ ഹാര്‍ബര്‍ പരിസരത്തു നിന്നും ആരംഭിക്കും. സംസ്ഥാന സമിതി അംഗം വി എം ഫൈസല്‍ ഉല്‍ഘാടനം ചെയ്യും.

വാര്‍ത്താ സമ്മേളനത്തില്‍ എസ്ഡിപിഐ മലപ്പുറം ജില്ലാ വൈസ് പ്രസിഡണ്ട് അരീക്കന്‍ വീരാന്‍കുട്ടി, മണ്ഡലം പ്രസിഡണ്ടുമാരായ അബ്ദുല്‍ അസീസ് വള്ളിക്കുന്ന്, ഹമീദ് പരപ്പനങ്ങാടി, സദഖത്തുല്ല താനൂര്‍, താനൂര്‍ മുനിസിപ്പല്‍ പ്രസിഡന്റ് ഇ കെ ഫൈസല്‍ എന്നിവര്‍ പങ്കെടുത്തു.

Similar News