ആറ്റിങ്ങല്‍: ആറ്റിങ്ങലില്‍ വ്യാപാരിയുടെ മല്‍സ്യം വലിച്ചെറിഞ്ഞ സംഭവത്തില്‍ രണ്ട് പേര്‍ക്ക് സസ്‌പെഷന്‍. സംയമനത്തോടെ പെരുമാറിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സസ്‌പെന്റ് ചെയ്തത്. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ മുബാറക് ഇസ്മാഈല്‍, നഗരസഭ ശുചീകരണതൊഴിലാളി ഷിബു എന്നിവരെയാണ് സസ്‌പെന്റ് ചെയ്തത്.
കഴിഞ്ഞയാഴ്ച അവനവന്‍ചേരി തെരുവ് റോഡില്‍ മല്‍സ്യവില്‍പന നടത്തിയ അല്‍ഫോന്‍സയുടെ മല്‍സ്യം വലിച്ചെറിഞ്ഞ സംഭവത്തിലാണ് നടപടി.
അഞ്ചുതെങ്ങ് സ്വദേശിയായ അല്‍ഫോന്‍സയുടെ മൂന്ന് പെട്ടി മല്‍സ്യം നഗരസഭ മാലിന്യവാഹനത്തിലേക്ക് തട്ടിയിരുന്നു. ഇത് തടയാന്‍ ശ്രമിച്ച അന്‍ഫോന്‍സ റോഡിലേക്ക് വീണ് കൈക്ക് പരിക്കേറ്റിരുന്നു.
കൊവിഡ് മാനദണ്ഡം ലംഘിച്ച് റോഡില്‍ മല്‍സ്യക്കച്ചവടം ചെയ്‌തെന്നാരോപിച്ചാണ് ആറ്റിങ്ങല്‍ നഗരസഭ ജീവനക്കാര്‍ മല്‍സ്യം തട്ടിത്തെറിപ്പിച്ചത്. സംഭവം വിവാദമായ പശ്ചാത്തലത്തില്‍ മല്‍സ്യം നശിപ്പിച്ചവര്‍ക്കെതിരേ നടപടിയെടുക്കുമെന്ന് തൊഴില്‍-വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചിരുന്നു.