'ആദ്യം വീട്ടില്‍ നിന്ന്, ഇപ്പോള്‍ ബാലറ്റില്‍ നിന്നും'; ഡല്‍ഹി ചേരി നിവാസികളെ പടിക്ക് പുറത്താക്കുന്ന മോദി യോജന
ശ്രീവിദ്യ കാലടി
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ചേരിനിവാസികളുടെ ജീവിതത്തിന് ഒരു വിലയും കല്‍പിക്കാത്ത നടപടിയാണ് ബിജെപി സര്‍ക്കാരിന്റേത്. ബുള്‍ഡോസര്‍ രാജിലുടെ വാസസ്ഥലം നഷ്ടപ്പെട്ട അവര്‍ക്ക് വോട്ടവകാശവും നിഷേധിക്കപ്പെട്ടു. ഒരു മുന്നറിയിപ്പുപോലുമില്ലാതെയാണ് സര്‍ക്കാര്‍ പലതും പൊളിച്ചുമാറ്റിയത്. ആരുടെയും വീടുകള്‍ പൊളിക്കില്ലെന്നും ജനങ്ങള്‍ക്ക് മതിയായ സംരക്ഷണം നല്‍കുമെന്നതൊക്കെ സര്‍ക്കാരിന്റെ പാഴ് വാക്കുകളാണെന്ന് ഇവിടുത്തുകാര്‍ പറയുന്നു.
'എന്റെ വീട്ടുനമ്പര്‍ പൂജ്യം ആണെന്ന് പറഞ്ഞ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ എന്റെ പേര് നീക്കം ചെയ്തു. 2017 ല്‍ പ്രാദേശിക രാഷ്ട്രീയ അംഗങ്ങള്‍ എന്റെ പേര് ബീഹാര്‍ വോട്ടര്‍ പട്ടികയില്‍ ചേര്‍ത്തിരുന്നു. ഞാന്‍ ഒരിക്കലും അവിടെ വോട്ട് ചെയ്തിട്ടില്ല. എന്റെ പേര് അവിടെ വോട്ടര്‍ പട്ടികയില്‍ ചേര്‍ത്തിട്ടുണ്ടെന്ന് എനിക്കറിയില്ലായിരുന്നു. 2008 മുതല്‍ ഞാന്‍ ഡല്‍ഹി വോട്ടര്‍ പട്ടികയില്‍ ഉണ്ട്. ബീഹാറിലെ സ്‌പെഷ്യല്‍ ഇന്റന്‍സീവ് റിവിഷന്‍ പ്രകാരം ഞാന്‍ ഒരു കുടിയേറ്റക്കാരനായതിനാല്‍ എന്റെ പേര് നീക്കം ചെയ്യപ്പെട്ടു. ഇപ്പോള്‍ എന്റെ വിലാസം കാരണം ഡല്‍ഹി പട്ടികയില്‍ നിന്ന് നീക്കം ചെയ്യപ്പെട്ടു,' തെക്കുകിഴക്കന്‍ ഡല്‍ഹിയിലെ ഭൂമിഹീന്‍ ക്യാമ്പിലുള്ള അനില്‍സിങ് പറഞ്ഞു.
കുടിയേറ്റ തൊഴിലാളികള്‍ കൂടുതലായി താമസിക്കുന്ന ഭൂമിഹീന്‍ ക്യാംപില്‍ ഒരു വര്‍ഷത്തിനിടെ മൂന്ന് വ്യത്യസ്ത പൊളിക്കല്‍ നടപടികളാണ് ഉണ്ടായത്.ഇടുങ്ങിയ അഴുക്കുചാലുകള്‍ മൂലമുണ്ടാകുന്ന വെള്ളപ്പൊക്ക പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് പൊളിക്കല്‍ ആവശ്യമാണെന്നാണ് ഡല്‍ഹി വികസന അതോറിറ്റി ഉദ്യോഗസ്ഥര്‍ പറയുന്നത്.
ഭൂമിഹീന്‍ ക്യാംപില്‍ ജനിച്ച 37 കാരനായ പവന്‍ കുമാര്‍ മൗര്യ ഇപ്പോള്‍ ഭാര്യയും മൂന്ന് കുട്ടികളുമൊത്ത് തകര്‍ന്ന വാസസ്ഥലത്തിന് എതിര്‍വശത്തുള്ള ഫുട്പാത്തിലാണ് താമസിക്കുന്നത്. വിലാസവുമായി ബന്ധപ്പെട്ട കാരണങ്ങളാല്‍ അദ്ദേഹത്തിന്റെ പേരും ഇല്ലാതാക്കിയതായി അദ്ദേഹം പറഞ്ഞു.
ഭൂമിഹീന്റെ കഥ ഒറ്റപ്പെട്ടതല്ല. ഹൗസിംഗ് ആന്‍ഡ് ലാന്‍ഡ് റൈറ്റ്‌സ് നെറ്റ്‌വര്‍ക്കിന്റെ റിപോര്‍ട്ട് അനുസരിച്ച്, 202223 ല്‍ മാത്രം ഡല്‍ഹിയില്‍ 78 കുടിയൊഴിപ്പിക്കല്‍ നടപടികളാണ് നടന്നത്. ഇതിന്റെ ഫലമായി ഏകദേശം 3 ലക്ഷം ആളുകള്‍ കുടിയിറക്കപ്പെട്ടു.
സര്‍ക്കാര്‍ ഭവന പദ്ധതികളില്‍ നിന്ന് പലായനം ചെയ്യപ്പെട്ടവരില്‍ പലരും ഒഴിവാക്കപ്പെട്ടതായി മനുഷ്യാവകാശ അഭിഭാഷക കവല്‍പ്രീത് കൗര്‍ പറഞ്ഞു.
'2015ല്‍, പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം നരേന്ദ്ര മോദി സര്‍ക്കാര്‍ '2024ഓടെ എല്ലാവര്‍ക്കും വീട്' എന്ന പദ്ധതി പ്രഖ്യാപിക്കുകയുണ്ടായി. 2019 നും 2024 നും ഇടയില്‍ ഡല്‍ഹിയില്‍ ഏകദേശം 29,976 യൂണിറ്റുകള്‍ നിര്‍മ്മിച്ചു. എന്നാല്‍ ഈ പദ്ധതിക്കുള്ള യോഗ്യത ഭൂമിയുടെ ഉടമസ്ഥാവകാശം വ്യക്തമാക്കുന്നതോ സ്ഥിരമായ ഒരു വീട്ടില്‍ താമസിച്ചിരുന്നതോ ആണ്. കുടിയിറക്കപ്പെട്ടവരില്‍ പലര്‍ക്കും വെള്ളക്കരം, വൈദ്യുതി ബില്ലുകള്‍, വോട്ടര്‍ ഐഡി കാര്‍ഡുകള്‍ എന്നിവ ഉണ്ടായിരുന്നിട്ടും യോഗ്യതയില്ലെന്നാണ് ഭരണകൂടത്തിന്റെ ഭാഷ്യം.
ഭൂമിഹീന്‍ ക്യാംപിലെ താമസക്കാര്‍ക്ക് താമസിക്കാന്‍ ഇടമില്ലാതായി. ഉപയോഗിച്ച് വലിച്ചെറിയപ്പെടുന്ന ജീവിവര്‍ഗമായി അവരെ മാറ്റി. ഒരടയാളം പോലും ശേഷിക്കാതെ ബുള്‍ഡോസറുകള്‍ എല്ലാം തുടച്ചുനീക്കി. ഇപ്പോള്‍ ഭരണകൂടം അവരുടെ അടിസ്ഥാനപരമായ അവകാശങ്ങളില്‍ ഒന്ന് കവര്‍ന്നെടുക്കുന്നു, അതും നിസാരമായി.

