ഫ്‌ളോറിഡയില്‍ വീണ്ടും വെടിവയ്പ്; മൂന്ന് പേര്‍ മരിച്ചു

Update: 2021-06-06 19:18 GMT

ഫ്‌ളോറിഡ: അമേരിക്കയിലെ ഫ്‌ളോറിഡയില്‍ പാര്‍ക്കിങ് സ്ഥലത്തുവച്ചുണ്ടായ വെടിവയ്പില്‍ മൂന്ന് പേര്‍ മരിച്ചു. ആറ് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്ന് മിയാമി പോലിസ് പറഞ്ഞു.

മരിച്ചവരിലൊരാള്‍ മിയാമിയെ കറക്ഷണല്‍ ഓഫിസറാണെന്ന് മിയാമി പോലിസ് ഡയറക്ടര്‍ ഫ്രണ്ടി റാമിറെസ് പറഞ്ഞു.

പാര്‍ട്ടി കഴിയാറായ സമയത്താണ് ഒന്നോ രണ്ടോ വാഹനങ്ങള്‍ പാഞ്ചുവന്ന് ജനക്കൂട്ടത്തിനു നേരെ വെടിയുതിര്‍ത്തത്. ആര്‍ക്കൊക്കെ പരിക്കേറ്റിട്ടുണ്ടെന്ന വിവരം പുറത്തുവന്നിട്ടില്ല.

മരിച്ചവരില്‍ രണ്ട് പേര്‍ വെയിവയ്പു സംഘത്തിലുള്ളവരാണോ എന്ന് ഉറപ്പായിട്ടില്ല. സംഭവസ്ഥലത്തുനിന്ന് കാറ് ഓടിച്ചുപോകുന്നതിനിടയില്‍ ചുമരിലിടിച്ചാണ് രണ്ട് പേരും മരിച്ചത്.

മിയാമിയില്‍ കഴിഞ്ഞ ആഴ്ചയും സമാനമായ സംഭവം നടന്നു. അന്ന് മൂന്ന് പേര്‍ മരിക്കുകയും ഇരുപത് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

തോക്ക് സംസ്‌കാരം പോലിസിനെ മാത്രമല്ല, ജനങ്ങളെയും ബാധിച്ചുതുടങ്ങിയതായി ഡയറക്ടര്‍ പറഞ്ഞു.