റെയില്‍വേ കെട്ടിടത്തിലെ അഗ്‌നിബാധ; അഗ്നിശമന സേനക്ക് ആവശ്യമായ സാങ്കേതിക സൗകര്യങ്ങളില്ലെന്ന് ബംഗാള്‍ ഗവര്‍ണര്‍
കൊല്‍ക്കത്ത: കൊല്‍ക്കത്തയിലെ റെയില്‍വേ കെട്ടിടത്തിന് തീപിടിച്ച് ഒമ്പത് പേര്‍ മരിക്കാനിടയായതിനു പിന്നില്‍ അഗ്നിശമനസേനയുടെ സാങ്കേതികസംവിധാനത്തിന്റെ കുറവാണെന്ന് ബംഗാള്‍ ഗവര്‍ണര്‍ ജഗ്ദീപ് ധന്‍കര്‍.
അഗ്‌നി ശമനസേനയിലെ ഉദ്യോഗസ്ഥര്‍ക്ക് ധൈര്യത്തിലും കാര്യപ്രാപ്തിയിലും കുറവില്ല. പക്ഷേ, അവര്‍ക്ക് ആവശ്യമായ സാങ്കേതിക സംവിധാനങ്ങളില്ല. മുനിസിപ്പല്‍, അഗ്നിശമന സംവിധാനങ്ങളില്‍ മാറ്റം വേണം. അഗ്നിശമന സേനയില്‍ കൂടുതല്‍ ആധുനികമായ ഉപകരണങ്ങള്‍ ഉള്‍പ്പെടുത്തണം- ഗവര്‍ണര്‍ മാധ്യമങ്ങളോട് പറഞ്ഞു.
കഴിഞ്ഞ ദിവസം കൊല്‍ക്കത്തയിലെ സ്ട്രാന്‍ഡ് റോഡിലെ 13 നിലയുള്ള ഈസ്റ്റേണ്‍ റെയില്‍വേയുടെ കെട്ടിടത്തിന് തീപിടിച്ച് ഒമ്പത് പേര്‍ മരിച്ചിരുന്നു. അഗ്നിശമന വിഭാഗത്തിലെ ഒരു ഉദ്യോഗസ്ഥന്‍, രണ്ട് റയില്‍വേ ഉദ്യോഗസ്ഥര്‍, ഒരു എഎസ്‌ഐ തുടങ്ങിയവരും മരിച്ചവരില്‍ ഉള്‍പ്പെടുന്നു.
13 നില കെട്ടിടത്തിലെ മുകളിലെ നിലയിലാണ് തീപിടിത്തമുണ്ടായത്. ആര്‍പിഎഫ് ഉദ്യോഗസ്ഥരും റയില്‍വേ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി മുകള്‍ നിലയിലെത്തിയവരെ ഒഴിപ്പിച്ചതുകൊണ്ടാണ് കൂടുതല്‍ ദുരന്തം ഒഴിവായത്.
തിങ്കളാഴ്ച വൈകീട്ട് ഉണ്ടായ തീപിടിത്തം നിയന്ത്രണത്തിലായത് രാത്രി പതിനൊന്നോടെയാണ്.