ടെസ്ലയില്‍ തീപിടുത്തം; കാറിനുള്ളില്‍ കുടുങ്ങി 19കാരി മരിച്ചു

Update: 2025-10-03 07:49 GMT

സാന്‍ ഫ്രാന്‍സിസ്‌കോ: ടെസ്ല കാറിന് തീപിടിച്ചതിനെ തുടര്‍ന്ന് വാതില്‍ തുറക്കാന്‍ കഴിയാതെ അകത്ത് കുടുങ്ങി പുക ശ്വസിച്ച് മകള്‍ മരിച്ചെന്ന് ആരോപിച്ച് മാതാപിതാക്കള്‍ കേസ് ഫയല്‍ ചെയ്തു. ക്രിസ്റ്റ സുകഹാര (19) എന്ന വിദ്യാര്‍ഥിനിയാണ് മരിച്ചത്. സാന്‍ ഫ്രാന്‍സിസ്‌കോയിലാണ് സംഭവം.

ഡിസൈന്‍ തകരാറാണ് മരണത്തിന് കാരണമെന്ന് കാണിച്ച് വ്യാഴാഴ്ചയാണ് കേസ് ഫയല്‍ ചെയ്തത്. തീപിടിത്തം പോലുള്ള അടിയന്തര സാഹചര്യങ്ങളില്‍ പോലും വാതില്‍ തുറക്കാന്‍ സാധിക്കാത്തതാണ് മകളുടെ മരണത്തിലേക്ക് നയിച്ചതെന്നും അവര്‍ ആരോപിക്കുന്നു. പൊള്ളലേറ്റും പുക ശ്വസിച്ചുമാണ് ക്രിസ്റ്റ മരിച്ചത്. മകള്‍ രക്ഷപ്പെടാന്‍ വേണ്ടി ഡോര്‍ തുറക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നുവെന്ന് മാതാപിതാക്കള്‍ പറഞ്ഞു.

ഇത്തരം ഒരു ഡിസൈന്‍ തകരാറിനെക്കുറിച്ച് നേരത്തെ പല ഭാഗങ്ങളില്‍ നിന്നും പരാതികള്‍ ലഭിച്ചിട്ടും, അത് പരിഹരിക്കാന്‍ ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള ടെസ്ല കമ്പനി യാതൊരു പരിഹാരം കണ്ടെത്തിയില്ലെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ടെസ്ല കാറുകളുടെ വിവിധ സുരക്ഷാ പ്രശ്‌നങ്ങള്‍ ഉന്നയിച്ച് നിരവധി പേര്‍ മുന്‍പും കേസ് ഫയല്‍ ചെയ്തിട്ടുണ്ട്. ഈ കേസില്‍ ടെസ്ല ഇതുവരെ പ്രതികരിച്ചിട്ടില്ല.

Tags: