മധ്യപ്രദേശില്‍ വീണ്ടും തീപിടിത്തം; രണ്ടുതൊഴിലാളികള്‍ മരിച്ചു

Update: 2025-11-06 10:12 GMT

ഭോപ്പാല്‍: മധ്യപ്രദേശിലെ ധാര്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന ലൂബ്രിക്കന്റ് ഓയില്‍ ഫാക്ടറിയിലുണ്ടായ തീപിടിത്തത്തില്‍ രണ്ടു തൊഴിലാളികള്‍ മരിച്ചു. അനവധി പേര്‍ക്ക് പൊള്ളലേറ്റു. ഇവരെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബുധനാഴ്ച്ച രാത്രിയായിരുന്നു സംഭവം

പിതംപൂര്‍ വ്യാവസായിക മേഖലയിലെ സെക്ടര്‍ 3ല്‍ പ്രവര്‍ത്തിക്കുന്ന ശിവം ഇന്‍ഡസ്ട്രീസ് എന്ന സ്ഥാപനത്തിലാണ് അപകടം. ഫാക്ടറി വളപ്പില്‍ നില്‍ക്കുകയായിരുന്ന ഒരു ടാങ്കറിലാണ് ആദ്യം തീപിടിച്ചത്. പിന്നാലെ തീ മറ്റുഭാഗങ്ങളിലേക്കും പടര്‍ന്നു.

നീരജ് (23), കല്‍പേഷ് (35) എന്നിവരാണ് മരണപ്പെട്ടത്. ഇവരുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിലാണ് കണ്ടെത്തിയത്. വിവരം ലഭിച്ചതിനെത്തുടര്‍ന്ന് ഇന്‍ഡോറിലും പിതംപൂരിലും നിന്ന് നാലു ഫയര്‍ഫോഴ്സ് വാഹനങ്ങള്‍ സ്ഥലത്തെത്തി. നാലു മണിക്കൂറിലധികം നീണ്ട ശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമായതെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Tags: