ഡല്‍ഹിയില്‍ തീപിടിത്തം; 400ല്‍ അധികം കുടിലുകള്‍ കത്തിനശിച്ചു, ഒരാള്‍ മരിച്ചു

Update: 2025-11-08 06:18 GMT

ന്യൂഡല്‍ഹി: രോഹിണിയിലെ റിതല മെട്രോ സ്റ്റേഷന്‍ സമീപമുള്ള ബംഗാളി ബസ്തി പ്രദേശത്തുണ്ടായ തീപിടുത്തത്തില്‍ 400ല്‍ അധികം കുടിലുകള്‍ കത്തിനശിച്ചു. അപകടത്തില്‍ ഒരാള്‍ മരിച്ചു. ഒരു കുട്ടി ഉള്‍പ്പെടെ രണ്ടു പേരെ പൊള്ളലേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായാണ് റിപോര്‍ട്ട്.

രാത്രി 10.56ഓടെയാണ് തീപിടിത്ത വിവരം ലഭിച്ചതെന്ന് ഡല്‍ഹി ഫയര്‍ സര്‍വീസ് (ഡിഎഫ്എസ്) അറിയിച്ചു. മണിക്കൂറുകള്‍ നീണ്ട അഗ്നിസമന സേനയുടെ പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമായത്. എല്‍പിജി സിലിണ്ടറുകള്‍ പൊട്ടിത്തെറിച്ചതിനെ തുടര്‍ന്നാണ് തീ വ്യാപിച്ചത്. തീ അണയ്ക്കാനായി 29 ഫയര്‍ ടെന്‍ഡറുകളെ സ്ഥലത്തെത്തിച്ചു. പുക ഉയര്‍ന്നതിനെ തുടര്‍ന്ന് സമീപവാസികള്‍ ഭീതിയിലായി.

400 മുതല്‍ 500 വരെ കുടിലുകള്‍ തീയില്‍ പൂര്‍ണമായും നശിച്ചതായാണ് വിവരം. തീപിടിത്തത്തിന്റെ യഥാര്‍ഥ കാരണം കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.

Tags: