ജയ്പൂര്‍: ജയ്പൂരിലെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സവായ് മാന്‍ സിങ് ആശുപത്രിയിലെ ട്രോമ സെന്ററിലെ തീവ്രപരിചരണ വിഭാഗത്തില്‍ ഉണ്ടായ തീപിടുത്തത്തില്‍ മരിച്ചവരുടെ എണ്ണം എട്ടായി. ഇന്നലെ രാത്രിയാണ് ആശുപത്രിയില്‍ തീപിടിത്തമുണ്ടായത്.
തീപിടുത്തത്തില്‍ ഐസിയു ഉപകരണങ്ങള്‍, രേഖകള്‍, രക്ത സാമ്പിള്‍ ട്യൂബുകള്‍, മറ്റ് വസ്തുക്കള്‍ എന്നിവ കത്തിനശിച്ചു.ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീ പിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. തീപിടിത്തം ഉണ്ടായപ്പോള്‍ 11 രോഗികള്‍ ഐസിയുവില്‍ ഉണ്ടായിരുന്നതായി ആശുപത്രി അധികൃതര്‍ പറഞ്ഞു . തൊട്ടടുത്ത ഐസിയുവില്‍ ഉണ്ടായിരുന്ന 14 പേര്‍ സുരക്ഷിതരാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
ആശുപത്രിക്കുള്ളില്‍ പുക നിറഞ്ഞതോടെ രോഗികള്‍ പുറത്തേക്ക് ഓടുകയായിരുന്നു. മിക്ക ആളുകളും മരിച്ചത് തീ പടര്‍ന്നപ്പോഴുണ്ടായ പുക ശ്വസിച്ചാണെന്നാണ് നിഗമനം. അപകടത്തില്‍ പരിക്കേറ്റ ചില ആളുകളുടെ നില ഗുരുതരമാണെന്നാണ് റിപോര്‍ട്ടുകള്‍.