വേനല്‍ ചൂടില്‍ വീടുകളില്‍ തീപിടിത്ത ഭീഷണി ഉയരുന്നു; മുന്നറിയിപ്പുമായി ഫയര്‍ഫോഴ്‌സ്
ന്യൂഡല്‍ഹി: വേനല്‍ക്കാല ചൂട് ശക്തമാകുന്നതിനൊപ്പം രാജ്യത്ത് വീടുകള്‍ക്കുള്ളിലെ തീപിടിത്തം വര്‍ധിക്കുന്നതായി ഫയര്‍ ഫോഴ്‌സ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. അശ്രദ്ധയും പഴക്കം ചെന്ന വൈദ്യുത സംവിധാനങ്ങളും പ്രധാന അപകടകാരണങ്ങളാണെന്ന് വ്യക്തമാക്കുന്നു. എയര്‍ കണ്ടീഷണര്‍, കൂളര്‍, ഫ്രിഡ്ജ് പോലുള്ള ഉപകരണങ്ങളുടെ അമിത ഉപയോഗം ഗാര്‍ഹിക വൈദ്യുതി സംവിധാനങ്ങളില്‍ അധികഭാരം സൃഷ്ടിച്ച് ഷോര്‍ട്ട് സര്‍ക്യൂട്ടിനും തീപിടിത്തത്തിനും വഴിയൊരുക്കുന്നു. പഴയ വീടുകളിലെ വയറിങ് ഉയര്‍ന്ന വൈദ്യുതി ലോഡ് താങ്ങാനാകാതെ ചൂടാകുകയും ഇന്‍സുലേഷന്‍ നശിക്കുകയും ചെയ്യുന്നതും അപകടസാധ്യത കൂട്ടുന്നു.
15 മുതല്‍ 20 വര്‍ഷം പഴക്കമുള്ള വയറിങ് മാറ്റി സ്ഥാപിക്കാനും ലൈസന്‍സുള്ള ഇലക്ട്രീഷ്യന്മാര്‍ മുഖേന ഇലക്ട്രിക്കല്‍ പരിശോധന നടത്താനും വിദഗ്ധര്‍ നിര്‍ദേശിക്കുന്നു. ആവശ്യമായ ശേഷിയുള്ള സര്‍ക്യൂട്ട് ബ്രേക്കറുകള്‍ സ്ഥാപിക്കുകയും മെയിന്‍ സ്വിച്ച് എവിടെയെന്ന് വീട്ടിലുള്ളവര്‍ അറിയുകയും വേണം. അടുക്കളയില്‍ ഗ്യാസ് സിലിണ്ടറുകള്‍ക്കരികില്‍ ഇലക്ട്രോണിക് ഉപകരണങ്ങള്‍ വയ്ക്കുന്നത് ഒഴിവാക്കണം. മള്‍ട്ടിപ്ലഗ് സോക്കറ്റുകളില്‍ അമിത ഉപകരണങ്ങള്‍ ബന്ധിപ്പിക്കാതിരിക്കണമെന്നും നിര്‍ദേശമുണ്ട്. കൂടാതെ, ഇലക്ട്രിക് വാഹനങ്ങള്‍ സാധാരണ സോക്കറ്റുകളില്‍ ചാര്‍ജ് ചെയ്യുന്നത് ഒഴിവാക്കി പ്രത്യേക സൗകര്യങ്ങള്‍ ഉപയോഗിക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
സ്‌മോക്ക് ഡിറ്റക്ടറുകള്‍ സ്ഥാപിക്കല്‍, ഉപകരണങ്ങളുടെ സമയബന്ധിത സര്‍വീസ് എന്നിവ ഉള്‍പ്പെടെയുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കുന്നത് ജീവന്‍ രക്ഷിക്കാന്‍ നിര്‍ണായകമാണെന്ന് ഫയര്‍ ഫോഴ്‌സ് ഓര്‍മ്മിപ്പിച്ചു.
