ലോക്ക് ഡൗണില്‍ ഇളവുകള്‍ നല്‍കണമെന്നാവശ്യപ്പെട്ട് സമരം ചെയ്ത പൂനെ സ്വദേശികള്‍ക്കെതിരേ കേസെടുത്തു

Update: 2020-06-09 03:04 GMT

പൂനെ: പൂനെ ആനന്ദില്‍ കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് പ്രഖ്യാപിച്ച ലോക്ക് ഡൗണില്‍ ഇളവ് നല്‍കണമെന്നാവശ്യപ്പെട്ട് സമരം ചെയ്ത പ്രദേശവാസികള്‍ക്കെതിരേ കേസെടുത്തു. ചിഞ്ച് വാഡ് പോലിസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രസക്തമായ വകുപ്പുകളാണ് ഉള്‍പ്പെടുത്തിയിട്ടുള്ളതെന്ന് പോലിസ് പറഞ്ഞു.

സാമൂഹിക അകലം അടക്കമുള്ള ആരോഗ്യനിര്‍ദേശങ്ങള്‍ ലംഘിച്ച പ്രക്ഷോഭകര്‍ തങ്ങള്‍ക്ക് അവശ്യവസുക്കള്‍ ലഭിക്കുന്നില്ലെന്ന് ആരോപിച്ചാണ് പ്രക്ഷോഭം നടത്തിയത്. പ്രക്ഷോഭകര്‍ പോലിസുകാര്‍ക്കെതിരേ കല്ലേറ് നടത്തി, കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ച ശേഷം സ്ഥാപിച്ച ബാരിക്കേഡുകളും തകര്‍ത്തു.

അക്രമസംഭവങ്ങളില്‍ ഏതാനും പോലിസുകാര്‍ക്ക് ചെറിയ പരിക്കുണ്ട്. തിങ്കളാഴ്ച ഉച്ചയ്ക്ക് ഏകദേശം 2 മണിക്കാണ് നാട്ടുകാര്‍ സംഘടിച്ചെത്തിയത്. ജൂണ്‍ 30 വരെ കണ്ടെയ്ന്‍മെന്റ് സോണുകള്‍ അടച്ചിടാനാണ് കേന്ദ്ര ആരോഗ്യമന്ത്രാലയവും ആഭ്യന്തര മന്ത്രാലയവും തീരുമാനിച്ചിട്ടുള്ളത്. അവശ്യസേവനങ്ങള്‍ക്ക് വിലക്കില്ലെന്നും അറിയിച്ചിരുന്നു.

സ്ഥിതിഗതികള്‍ പരിശോധിച്ചശേഷം ജില്ലാ ഭരണകൂടമാണ് ഒരു പ്രദേശത്തെ കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിക്കുന്നതെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം പറഞ്ഞു.

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികളുള്ള സംസ്ഥാനമാണ് മഹാരാഷ്ട്ര. മഹാരാഷ്ട്രയില്‍ മാത്രം 85,975 പേര്‍ക്ക് കൊവിഡ് ബാധിച്ചിട്ടുണ്ട്. ആക്റ്റീവ് കേസുകള്‍ 43,601. മരണം 3060. 

Tags: