ചരക്കു കപ്പലിന് തീപിടിച്ച സംഭവം: ഇതുവരെയായും തീ അണയ്ക്കാനായില്ല; കാണാതായ നാലു പേർക്കു വേണ്ടിയുള്ള തിരച്ചിൽ ഊർജ്ജിതം

Update: 2025-06-10 04:04 GMT

കോഴിക്കോട്: കേരള തീരത്തിനു സമീപം തീപിടിച്ച ചരക്കു കപ്പലിലെ തീ അണയ്ക്കാനാവാതെ രക്ഷാ ദൗത്യം. ഇന്നലെയാണ് കൊളംബോയിൽ നിന്നു മുംബൈയിലേക്ക് തിരിച്ച കപ്പലിന് തീപിടിച്ചത്. കപ്പലിലുള്ള 22 ജീവനക്കാരിൽ 18 പേരെ രക്ഷപ്പെടുത്തിയെങ്കിലും ഇതു വരെയായും ബാക്കി നാലു പേരെ കണ്ടെത്താനായിട്ടില്ല. രക്ഷപ്പെടുത്തിയ 18 പേരിൽ രണ്ടു പേരുടെ നില അതീവ ഗുരുതരമെന്നാണ് വിവരം.

രക്ഷാപ്രവർത്തന ശ്രമങ്ങൾ പുരോഗമിക്കുകയാണെങ്കിലും തീ അണക്കാൻ കഴിയാത്തത് വലിയ ആശങ്കയുണ്ടാക്കുന്നുണ്ട്. കപ്പലിലെ കണ്ടയ്നറുകളിൽ ഉള്ളത് വിഷ വസ്തുക്കളാണെന്നതും രാക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയായി കൊണ്ടിരിക്കുകയാണ്.

ചരക്കു കപ്പലിൽ 150 കണ്ടയ്നറുകളിലായി ഉണ്ടായിരുന്നത് അപകടകരമായ വസ്തുക്കൾ എന്ന റിപോർട്ട് ഇന്നലെ പുറത്തു വന്നിരുന്നു. ആൽക്കഹോൾ അടങ്ങിയ നൈട്രോ സെല്ലുലോസ്, ഓർഗാനോ മെറ്റാലിക് പൈറോഫോറിക്സ് തുടങ്ങിയവ കണ്ടയ്നറുകളിൽ ഉണ്ടെന്നാണ് സൂചന.

പാരിസ്ഥിതിക ആഘാതമുണ്ടാകുന്ന പദാര്‍ഥങ്ങളായ ട്രൈക്ലോറോ ബെന്‍സീന്‍, സിങ്ക് ഓക്സൈഡ്, ഫോസ്ഫേറ്റ് ചെയ്ത എസ്റ്ററുകള്‍ തുടങ്ങിയവയും പൊള്ളല്‍ സാധ്യതയുള്ള പദാര്‍ഥങ്ങളായ മലീക് ആന്‍ഹൈഡ്രൈഡ്, ഫോസ്ഫോറിക് ആസിഡ്, മെതാക്രൈലിക് ആസിഡ്, പോളിമൈന്‍സ്-ള്‍ഡൈമീതെല്‍ സള്‍ഫേറ്റ്, ഈതൈല്‍ ക്ലോറോഫോര്‍മേറ്റ്, ഡൈക്ലോറോ മീതൈല്‍ തുടങ്ങിയവയും കണ്ടയ്നറുകളിൽ ഉണ്ട്. ചിലതൊക്കെ ശ്വസിച്ചാൽ വരെ അപകടമായേക്കാവുന്ന വിഷവസ്തുക്കളാണ്

കടൽ വെള്ളം മലിനമാകാനും മൽസ്യ സമ്പത്തിനെ ദോഷകരമായ രീതിയിൽ ബാധിക്കാനും വെള്ളം കയറിയാൽ തീപിടിക്കാനും സാധ്യതയുള്ള പദാർഥങ്ങളാണ് മിക്കവയും. അന്തരീക്ഷ താപനിലക്കനുസരിച്ച് അപകടകരമായുന്ന പദാർഥങ്ങളും കണ്ടയ്നറുകളിൽ ഉണ്ട്.

Tags: