ആൻ്റണി ഈസ്റ്റ്മാൻ; മലയാള ചലച്ചിത്ര ലോകത്ത് ഒരു യുഗത്തിന് അന്ത്യം

Update: 2021-07-03 14:53 GMT

തൃശൂര്‍: സിനിമയുടെ വിവിധ മേഖലകളില്‍ നിറഞ്ഞു നിന്ന പ്രതിഭാശാലി ആന്റണി ഈസ്റ്റ്മാന്‍ വിട പറഞ്ഞു. ഹൃദയാഘാതത്തെ തുടര്‍ന്ന് തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ വെച്ചായിരുന്നു അന്ത്യം. 

നിശ്ചല ഛായാഗ്രഹണം, അഭിനയം, കഥ, തിരക്കഥാരചന, നിര്‍മ്മാണം, സംവിധാനം എന്നീ തലങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹത്തിന്റെ ആദ്യ സംവിധാന സംരംഭം ഇണയെത്തേടി (1979) ആയിരുന്നു. സില്‍ക് സ്മിത, കലാശാലാ ബാബു, സംഗീത സംവിധായകന്‍ ജോണ്‍സണ്‍ എന്നിവരെ ഈ ചിത്രത്തിലൂടെ അദ്ദേഹം മലയാള സിനിമക്ക് പരിചയപ്പെടുത്തി.

13 ചിത്രങ്ങള്‍ക്ക് നിശ്ചല ഛായാഗ്രഹണം, ഒന്‍പത് ചിത്രങ്ങള്‍ക്ക് കഥാരചന, ഒരുചിത്രത്തിന് തിരക്കഥ, ആറ് ചിത്രങ്ങളുടെ സംവിധാനം ഇവയാണ് അദ്ദേഹത്തിന്റെ ചലച്ചിത്ര സംഭാവനകള്‍.

1985ല്‍ പുറത്തിറങ്ങിയ അമ്പട ഞാനേ ആണ് അവസാന ചിത്രം. ഇണയെത്തേടി, മൃദുല, ഐസ് ക്രീം, വയല്‍, വര്‍ണ്ണത്തേര് എന്നിവയാണ് മറ്റു ചിത്രങ്ങള്‍. 1995 ല്‍ ഈസ്റ്റ്മാന്‍ നിര്‍മ്മിച്ച് പി ജി വിശ്വംഭരന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ അഭിനേതാവും ആയിരുന്നു.

ഈസ്റ്റ്മാന്റെ രചനയില്‍ മോഹന്‍ സംവിധാനം ചെയ്ത രചനയിലെ അഭിനയത്തിന് ഭരത് ഗോപി ഏറ്റവും നല്ല നടനുള്ള സംസ്ഥാന പുരസ്‌ക്കാരം നേടി.

അവസാനം കഥയെഴുതിയത് 2013 ല്‍ ക്ലൈമാക്‌സ് എന്ന ചിത്രത്തിന് വേണ്ടിയായിരുന്നു. സില്‍ക് സ്മിതയുടെ ജീവിതത്തെ അടിസ്ഥാനപ്പെടുത്തിയുള്ളതായിരുന്നു അത്. പ്രസ്തുത ചലച്ചിത്രം തമിഴിലും തെലുങ്കിലും റിലീസ് ചെയ്തിരുന്നു. രചന, ഈ ലോകം ഇവിടെ കുറെ മനുഷ്യര്‍, ഈ തണലില്‍ ഇത്തിരി നേരം, ഇവിടെ ഈ തീരത്ത്, ഐസ് ക്രീം, മൃദുല, മാണിക്യന്‍, തസ്‌ക്കരവീരന്‍, ക്ലൈമാക്‌സ് എന്നിവയാണ് കഥയെഴുതിയ ചിത്രങ്ങള്‍. മൃദുലക്കാണ് തിരക്കഥ എഴുതിയത്.

ക്രിസ്തുവിന്റെ അജ്ഞാതവാസക്കാലത്തെ അടിസ്ഥാനമാക്കി അവന്‍ എവിടെയായിരുന്നു എന്ന നോവലും രണ്ടു വര്‍ഷം മുമ്പ് അദ്ദേഹം രചിക്കുകയുണ്ടായി. ഫേസ്ബുക്കില്‍ സജീവമായ ഈസ്റ്റ്മാന്‍ നിരവധി കഥകള്‍ പോസ്റ്റ് ചെയ്യാറുണ്ട്. അവക്ക് വലിയ സ്വീകാര്യതയും ലഭിച്ചിരുന്നു.

അറുപതുകളുടെ മധ്യത്തോടെ ഫോട്ടോഗ്രഫറായി എറണാകുളത്തെത്തി ഈസ്റ്റ്മാന്‍ സ്റ്റുഡിയോ ആരംഭിച്ചു. പത്രങ്ങള്‍ക്കും വാരികകള്‍ക്കും ഫോട്ടോകള്‍ എടുത്തു നല്‍കിയ അദ്ദേഹം പിന്നീട് പരസ്യക്കമ്പനികള്‍ക്കായി മോഡല്‍ ഫോട്ടോഗ്രഫിയിലേര്‍പ്പെട്ടു. തുടര്‍ന്നാണ് ചലച്ചിത്ര രംഗത്തേക്ക് പ്രവേശിക്കുന്നത്.

ഒരു ദശാബ്ദമായി തുമ്പൂരിലുള്ള മകന്‍ ഗഞ്ചിയുടെ വസതിയിലാണ് താമസം. കുഴിക്കാട്ടുശ്ശേരി ഗ്രാമിക ഉള്‍പ്പെടെ വിവിധ സാംസ്‌കാരിക സംഘങ്ങളുടെ ഭാഗമായി ഊര്‍ജ്ജസ്വലമായി പ്രവര്‍ത്തിച്ചു വരുന്നതിനിടെയാണ് ആകസ്മികമായ ഈ വിയോഗം.

1946ല്‍ കുന്നംകുളം ചൊവ്വന്നൂരില്‍ മുരിങ്ങാത്തേരി കുര്യാക്കോസിന്റെ മകനായി ജനനം.

വെള്ളിയാഴ്ച ഉച്ചയോടെ ഹൃദ്രോഗബാധയെ തുടര്‍ന്ന് തൃശൂര്‍ മെഡിക്കല്‍ കോളെജില്‍ പ്രവേശിപ്പിച്ച അദ്ദേഹം ഇന്നലെ 11.30 നാണ് അന്തരിച്ചത്. മേരിയാണ് ഭാര്യ. ഗഞ്ചി (റോസ് ഹൗസ് തുമ്പൂര്‍), മിനി എന്നിവര്‍ മക്കളും സിജി ജോയ് കാളിയങ്കര എന്നിവര്‍ മരുമക്കളുമാണ്.

സംസ്‌കാരം കടുപ്പിശ്ശേരി തിരുഹൃദയ ദേവാലയത്തില്‍ നടന്നു.

ചലച്ചിത്ര രംഗത്തെ മാക്ട, ഫെഫ്ക എന്നീ സംഘടനകള്‍ക്കുവേണ്ടി ദൗതിക ശരീരത്തില്‍ റീത്ത് സമര്‍പ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് ഉള്‍പ്പെടെ പ്രമുഖര്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.

Similar News