ചലച്ചിത്ര, നാടക നടന്‍ ഡി ഫിലിപ്പ് അന്തരിച്ചു

Update: 2022-06-12 10:05 GMT

തിരുവനന്തപുരം: പ്രശസ്ത സിനിമ- സീരിയല്‍- നാടക നടന്‍ ഡി ഫിലിപ്പ് (79) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യാശുപത്രിയിലായിരുന്നു അന്ത്യം. പ്രഫഷനല്‍ നാടക വേദിയിലെ മികവുറ്റ പ്രകടനങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ടതിനുശേഷമാണ് ഫിലിപ്പ് സിനിമയിലേക്ക് എത്തിയത്. കോട്ടയം കുഞ്ഞച്ചന്‍, വെട്ടം, പഴശ്ശിരാജ, അര്‍ഥം, ടൈം തുടങ്ങിയ അമ്പതിലേറെ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. നാടകങ്ങളിലൂടെയാണ് ഫിലിപ്പ് സിനിമയിലേക്ക് എത്തിയത്. കാളിദാസ കലാകേന്ദ്രത്തിന്റെയും കെപിഎസിയുടെയും നാടകങ്ങളിലെ പ്രധാന നടനായിരുന്നു. തിരുവല്ല സ്വദേശിയാണ്. വിദേശത്തുള്ള മകള്‍ എത്തിയശേഷം സംസ്‌കാര ചടങ്ങുകളുടെ സമയം തീരുമാനിക്കും.

ചെറുപ്പത്തില്‍ പി ജെ ആന്റണിയുടെ ശിഷ്യനായിട്ടാണ് ഡി ഫിലിപ്പ് അഭിനയ രംഗത്തെത്തുന്നത്. പി ജെ ആന്റണിയുടെ നാടക പരീക്ഷണ ശാലയില്‍ ആയിരിക്കുമ്പോള്‍ നാഷനല്‍ തിയറ്ററില്‍ അഭിനയിച്ചു. പിന്നീട് കെപിഎസി, ചങ്ങനാശ്ശേരി ഗീത, കൊല്ലം കാളിദാസ കലാകേന്ദ്രം എന്നിങ്ങനെയുള്ള നാടക സമിതികളിലും ഡി ഫിലിപ്പ് സജീവമായി. തട്ടകം ഗള്‍ഫിലേക്ക് മാറിയപ്പോള്‍ അവിടെയും കലാപ്രവര്‍ത്തനങ്ങള്‍ക്കും നാടകത്തിനും ഡി ഫിലിപ്പ് സമയം കണ്ടെത്തി. പ്രവാസകലത്താണ് കെ ജി ജോര്‍ജ് സംവിധാനം ചെയ്ത് നടന്‍ തിലകലും മേനകയും വേണു നാഗവള്ളിയുമൊക്കെ അഭിനയിച്ച കോലങ്ങള്‍ (1981) എന്ന ചിത്രം ഡി ഫിലിപ്പ് നിര്‍മിച്ചത്.

പ്രവാസത്തിനുശേഷമാണ് കൊല്ലം കാളിദാസ കലാകേന്ദ്രത്തില്‍ ഡി ഫിലിപ്പ് നടനായി എത്തുന്നത്. തുടര്‍ന്ന് വളര്‍ച്ചയുടെ പടവുകള്‍ അദ്ദേഹം സ്വന്തമാക്കി. കാളിദാസ കലാകേന്ദ്രത്തിന്റെ റെയിന്‍ബോ എന്ന നാടകത്തിലെ അഭിനയത്തിന് 1986 ല്‍ സംസ്ഥാന പുരസ്‌കാരം നേടി. സതി, കടല്‍പ്പാലം, സ്വന്തം ലേഖകന്‍ എന്നീ നാടകങ്ങളിലും കാളിദാസ കലാകേന്ദ്രത്തിനൊപ്പം ഡി ഫിലിപ്പ് പ്രവര്‍ത്തിച്ചു. ആലുവ രംഗഭൂമി, (തിലകന്‍ അധ്യക്ഷനായിരുന്ന നാടകസമിതി) തിരുവനന്തപുരം സൗപര്‍ണിക തിയറ്റേഴ്‌സ് എന്നി സമിതികളും നാടകങ്ങളുടെ ഭാഗമായി.

ടെലിവിഷന്‍ പ്രചാരം നേടിയതോടെ സീരിയല്‍ രംഗത്തേ കളം മാറ്റി ചവിട്ടിയ ഡി ഫിലിപ്പ് അവിടെയും ഹിറ്റുകളുടെ ഭാഗമായി. സ്ത്രീ, മാളൂട്ടി, സ്വാമി അയ്യപ്പന്‍, െ്രെകം ആന്റ് പണിഷ്‌മെന്റ്, വാവ, കടമറ്റത്ത് കത്തനാര്‍ എന്നിങ്ങനെ പ്രമുഖമായ സീരിയലുകളില്‍ വേഷമിട്ട ഡി ഫിലിപ്പ്, ഒരുകാലത്ത് മലയാള സിനിമയ്ക്കും പ്രത്യേകിച്ച് മമ്മൂട്ടി സിനിമയ്ക്കും മാറ്റിനിര്‍ത്താന്‍ കഴിയാത്ത നടനായിരുന്നു. മമ്മൂട്ടിയ്‌ക്കൊപ്പം അര്‍ഥം, കോട്ടയം കുഞ്ഞച്ചന്‍,സ്റ്റാലിന്‍ ശിവദാസ്, ടൈം, വെട്ടം, പഴശ്ശിരാജ, ഒന്നാമന്‍, എഴുപുന്നത്തരകന്‍ എന്നീ ചിത്രങ്ങളിലും ഡി ഫിലിപ്പ് അഭിനയിച്ചു. ഡി ഫിലിപ്പിന്റെ മരണത്തില്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി, കൊല്ലം എംഎല്‍എ മുകേഷ് എന്നിവര്‍ അനുശോചനം രേഖപ്പെടുത്തി.

Tags:    

Similar News