ഫിലിംസ് ഡിവിഷനെയും ഫിലിം ആര്‍ക്കൈവ്‌സിനെയും ഫിലിം ഡവലപ്‌മെന്റ് കോര്‍പ്പറേഷനില്‍ ലയിപ്പിക്കരുതെന്ന് എം എ ബേബി
കോഴിക്കോട്: ഫിലിംസ് ഡിവിഷന്‍, നാഷണല്‍ ഫിലിം ആര്‍ക്കൈവ്‌സ്, ഫിലിം ഫെസ്റ്റിവല്‍ ഡയറക്ടറേറ്റ്, ചില്‍ഡ്രന്‍സ് ഫിലിം സൊസൈറ്റി എന്നീ സ്ഥാപനങ്ങളെ നാഷണല്‍ ഫിലിം ഡവലപ്‌മെന്റ് കോര്‍പ്പറേഷനില്‍ ലയിപ്പിച്ച് ഒറ്റ സ്ഥാപനം ആക്കാനുള്ള തീരുമാനം നമ്മുടെ സാംസ്‌കാരിക പാരമ്പര്യത്തിന് നേരെയുള്ള ഒരു ആക്രമണമാണെന്ന് സിപിഎം നേതാവും മുന്‍ മന്ത്രിയുമായ എം എ ബേബി. ഭരണസൗകര്യാര്‍ത്ഥം ഉപയോഗിക്കാനുള്ള ശ്രമത്തിന്റെ ഭാഗമല്ല നടപടിയെന്നും ലാഭകേന്ദ്രമാക്കി ഭരിക്കുന്നവരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനാണ് നീക്കമെന്നും അദ്ദേഹം ആരോപിച്ചു.
ഇന്ത്യയുടെ സിനിമ ചരിത്രത്തിലെ മഹനീയ ചലച്ചിത്രങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന ഫിലിം ആര്‍ക്കൈവ്‌സും ലാഭം ലക്ഷ്യമാക്കി പ്രവര്‍ത്തിപ്പിച്ചാല്‍ അതിന്റെ ഫലം ഒരു ദുരന്തമായിരിക്കുമെന്നും ഫിലിം ഫെസ്റ്റിവല്‍ ഡയറക്ടറേറ്റിലും ചില്‍ഡ്രന്‍സ് ഫിലിം സൊസൈറ്റിയിലും വരാന്‍ പോകുന്ന മാറ്റങ്ങളും ഇത്തരത്തില്‍ തന്നെ ആയിരിക്കുമെന്നും ലാഭത്തിനായി പ്രവര്‍ത്തിക്കാനായി ഉണ്ടാക്കപ്പെട്ട സ്ഥാപനങ്ങള്‍ അല്ല അവയെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
ഇന്ത്യയിലെ എല്ലാ ജനാധിപത്യവാദികളും സിനിമാലോകത്തോടൊപ്പം നില്ക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
എം എ ബേബിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
''നമ്മുടെ രാജ്യത്തെ സിനിമാരംഗത്ത് പ്രവര്‍ത്തിക്കുന്ന ഫിലിംസ് ഡിവിഷന്‍, നാഷണല്‍ ഫിലിം ആര്‍ക്കൈവ്‌സ്, ഫിലിം ഫെസ്റ്റിവല്‍ ഡയറക്ടറേറ്റ്, ചില്‍ഡ്രന്‍സ് ഫിലിം സൊസൈറ്റി എന്നീ സ്ഥാപനങ്ങളെ നാഷണല്‍ ഫിലിം ഡവലപ്‌മെന്റ് കോര്‍പ്പറേഷനില്‍ ലയിപ്പിച്ച് ഒറ്റ സ്ഥാപനം ആക്കാനുള്ള തീരുമാനം നമ്മുടെ സാംസ്‌കാരിക പാരമ്പര്യത്തിന് നേരെയുള്ള ഒരു ആക്രമണം ആണ്.
വെറുതെ നാല് സ്ഥാപനങ്ങളെ ഭരണസൗകര്യത്തിനു വേണ്ടി ഒരുമിച്ച് ആക്കുകയല്ല ഇവിടെ. നാഷണല്‍ ഫിലിം ഡവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ലാഭേച്ഛയോടെ പ്രവര്‍ത്തിക്കുന്ന ഒരു സ്ഥാപനമാണ്. ഫിലിംസ് ഡിവിഷന്‍, നാഷണല്‍ ഫിലിം ആര്‍ക്കൈവ്‌സ് എന്നിവ നമ്മുടെ സിനിമാ പാരമ്പര്യം സൂക്ഷിച്ചു വച്ചിരിക്കുന്ന വലിയ ശേഖരങ്ങളും. ഇവയെ ലാഭത്തിനായി ഉപയോഗിക്കുക എന്നാല്‍ അവയുടെ ഉദ്ദേശ്യലക്ഷ്യങ്ങളെ അട്ടിമറിക്കുക എന്നതാണ് ഫലം. ഫിലിംസ് ഡിവിഷന്റെ കയ്യിലുള്ള സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ ഡോക്കുമെന്ററി ദൃശ്യങ്ങള്‍ വിറ്റ് വെട്ടി ഒട്ടിച്ച് ഇന്നത്തെ ഭരണക്കാരുടെ താല്പര്യത്തിനു ചേര്‍ന്ന ചരിത്രം ഉണ്ടാക്കുകയാവും ഫലം. അതുപോലെ ഇന്ത്യയുടെ സിനിമ ചരിത്രത്തിലെ മഹനീയ ചലച്ചിത്രങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന ഫിലിം ആര്‍ക്കൈവ്‌സും ലാഭം ലക്ഷ്യമാക്കി പ്രവര്‍ത്തിപ്പിച്ചാല്‍ അതിന്റെ ഫലം ഒരു ദുരന്തമായിരിക്കും.
ഫിലിം ഫെസ്റ്റിവല്‍ ഡയറക്ടറേറ്റിലും ചില്‍ഡ്രന്‍സ് ഫിലിം സൊസൈറ്റിയിലും വരാന്‍ പോകുന്ന മാറ്റങ്ങളും ഇത്തരത്തില്‍ തന്നെ ആയിരിക്കും. ലാഭത്തിനായി പ്രവര്‍ത്തിക്കാനായി ഉണ്ടാക്കപ്പെട്ട സ്ഥാപനങ്ങള്‍ അല്ല അവ.
സ്വതസിദ്ധമായ പരിമിതികളോടെയാണെങ്കിലും നമ്മുടെ സിനിമയ്ക്ക് വലിയ സംഭാവന നല്കിയവയാണ് ഈ സ്ഥാപനങ്ങള്‍. ആദ്യകാലത്ത് മികച്ച ചില സിനിമകള്‍ നിര്‍മ്മിച്ചു എന്നത് ഒഴിച്ചു നിറുത്തിയാല്‍ ഏറ്റവും വിമര്‍ശനം നേരിട്ട സ്ഥാപനം എന്‍എഫ്ഡിസി ആണ്. എന്നിട്ടും, മറ്റു സ്ഥാപനങ്ങളെ എന്‍എഫ്ഡിസിയില്‍ തന്നെ ലയിപ്പിക്കാനുള്ള തീരുമാനം നിര്‍ദോഷമല്ല. ഇവയെ നശിപ്പിക്കാന്‍ തന്നെ തീരുമാനിച്ച് ഇറങ്ങിപ്പുറപ്പെട്ടതിന്റെ തെളിവാണത്.
ഈ സ്ഥാപനങ്ങളെ നശിപ്പിക്കുന്നതിനെതിരെ ഇന്ത്യയിലെ സിനിമാരംഗത്ത് നിന്ന് ശക്തമായ എതിര്‍പ്പ് ഉയര്‍ന്നിട്ടുണ്ട്. ഇന്ത്യയിലെ എല്ലാ ജനാധിപത്യവാദികളും സിനിമാലോകത്തോടൊപ്പം നില്ക്കണം എന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു''.

