ചലച്ചിത്ര അക്കാദമിയുടെ ഓണ്‍ലൈന്‍ ശില്‍പ്പശാല ആരംഭിച്ചു

Update: 2020-12-02 16:15 GMT

തിരുവനന്തപുരം: കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയും ലോസ് ആഞ്ചലസ് ആസ്ഥാനമായ ഗ്‌ളോബല്‍ മീഡിയ മേക്കേഴ്‌സും ഫിലിം ഇന്‍ഡിപ്പെന്‍ഡന്റും സംയുക്തമായി സംഘടിപ്പിച്ച രാജ്യാന്തര ഓണ്‍ലൈന്‍ ശില്‍പ്പശാല ആരംഭിച്ചു.  സിനിമകളുടെ ആശയരൂപീകരണത്തിനും നിര്‍മാണത്തിനും അവ പ്രേക്ഷകരിലത്തെിക്കുന്നതിനുമുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്ന ക്രിയേറ്റീവ് പ്രൊഡ്യൂസിംഗ് ആന്‍ഡ് പിച്ചിംഗ് വിര്‍ച്ച്വല്‍ വര്‍ക്ക് ഷോപ്പിന്റെ ആദ്യസെഷനാണ് ഇന്ന് നടന്നത്.

ശില്പശാലയില്‍ സീനിയര്‍ ഡയറക്ടര്‍ മരിയ റാക്വല്‍ ബോസി, ഗ്‌ളോബല്‍ മീഡിയ മേക്കേഴ്‌സ് പ്രോഗ്രാമിംഗ് മാനേജര്‍ ഷീല സ്വാഹ്നി, ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍പേഴ്‌സണും എഡിറ്ററുമായ ബീനാപോള്‍, ഫിലിം ഇന്റിപെന്റന്റ് ഇന്റര്‍നാഷണല്‍ പ്രോഗ്രാം മാനേജര്‍ ലൂയെ ഖ്രയിഷ് എന്നിവര്‍ സംസാരിച്ചു.

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ചലച്ചിത്ര ഗവേഷണ കേന്ദ്രമായ 'സിഫ്ര'യുടെ അക്കാദമിക് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ശില്‍പ്പശാല 2020 ഡിസംബര്‍ 1 മുതല്‍ 3 വരെയും 8 മുതല്‍ 10 വരെയുമാണ് നടക്കുക. ദിവസേന രണ്ടു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള സെഷനുകളായാണ് നടത്തുന്നത്.

ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ പൂനെ, സത്യജിത് റായ് ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, കൊല്‍ക്കത്ത, കെ.ആര്‍ നാരായണന്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വല്‍ സയന്‍സ് ആന്‍ഡ് ആര്‍ട്ട്‌സ്, കോട്ടയം, എല്‍.വി പ്രസാദ് ഫിലിം ആന്‍ഡ് ടി വി അക്കാദമി, ചെന്നൈ എന്നീ സ്ഥാപനങ്ങളിലെ അവസാന വര്‍ഷ വിദ്യാര്‍ത്ഥികളായ 22 പേര്‍ ശില്‍പ്പശാലയില്‍ പങ്കെടുക്കുന്നുണ്ട്. .

അമേരിക്കയിലെ സിനിമാ നിര്‍മ്മാണത്തിന്റെ രീതികള്‍ മനസ്സിലാക്കാനും അവ ഇന്ത്യയില്‍ പ്രാവര്‍ത്തികമാക്കാനും ഈ ശില്‍പ്പശാല സഹായിക്കുമെന്നാണ് കരുതുന്നത്.