ഊര്‍ങ്ങാട്ടീരി തെരട്ടമ്മലില്‍ വയല്‍ നികത്തല്‍: തഹസില്‍ദാര്‍ റിപോര്‍ട്ട് തേടി

Update: 2021-01-05 15:09 GMT

അരീക്കോട്: ഊര്‍ങ്ങാട്ടീരി തെരട്ടമ്മലില്‍ വയല്‍ മണ്ണിട്ട് നികത്തിയ വാര്‍ത്തയെ തുടര്‍ന്ന് ഊര്‍ങ്ങാട്ടീരി വില്ലേജ് ഓഫിസറില്‍നിന്ന് ഏറനാട് തഹസില്‍ദാര്‍ റിപോര്‍ട്ട് ആവശ്യപ്പെട്ടു. മണ്ണിട്ട് നികത്തിയ വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ട ഡപ്യൂട്ടി കലക്ടര്‍ വിശദീകരണമാവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് നടപടി.

റിസര്‍വ്വേ നടത്തിയതില്‍ വയല്‍ പുരയിടമാക്കി തരംമാറ്റിയതാണ് നികത്തലിന് കാരണമായത്. ഡാറ്റാ ബാങ്കില്‍ ഉള്‍പ്പെട്ട വയല്‍, റിസര്‍വ്വേയില്‍ ക്രമക്കേട് നടത്തി തരം മാറ്റിയതായി നേരത്തെത്തന്നെ ആരോപണമുണ്ടായിരുന്നു. ഇതിനു പിന്നില്‍ വലിയ മാഫിയാ ഇടപെടലുണ്ടെന്ന് ആരോപിച്ച് കര്‍ഷക കൂട്ടായ്മ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്ക് പരാതിയും അയച്ചിരുന്നു.

റിസര്‍വേയില്‍ സംഭവിച്ച സാങ്കേതിക പിഴവാണെന്നും ഊര്‍ങ്ങാട്ടിരി പഞ്ചായത്തില്‍ നടത്തിയ റിസര്‍വ്വേ പരിശോധിച്ച ശേഷം തിരുത്തുമെന്നു ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പറഞ്ഞു.

സംഭവം വിവാദമായതോടെ നടപടി വേഗത്തിലാക്കാനുള്ള നീക്കത്തിലാണ് അധികൃതര്‍. സ്‌റ്റോപ് മെമ്മോ നല്‍കി പ്രവര്‍ത്തി നിര്‍ത്തിവച്ചതായി ഏറനാട് തഹസിര്‍ദാര്‍ അറിയിച്ചു.

Similar News