പനി പടരുന്നു; യുപിയിലെ ഫിറോസാബാദില്‍ പത്തു ദിവസത്തിനുള്ളില്‍ മരിച്ചത് 45 കുട്ടികള്‍

Update: 2021-09-01 04:18 GMT

ഫിറോസാബാദ്: കഴിഞ്ഞ പത്ത് ദിവസത്തിനുള്ളില്‍ യുപിയിലെ ഫിറോസാബാദില്‍ 45 കുട്ടികളടക്കം 53 പേര്‍ മരിച്ചു. ഡെങ്കിപ്പനിയാണെന്നാണ് പ്രഥമിക നിരീക്ഷണം. യുപി ആരോഗ്യവകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

ഫിറോസബാദ് മെഡിക്കല്‍ കോളജിലെ ദൃശ്യങ്ങള്‍ ശോചനീയമാണെന്ന് എന്‍ഡിടിവി റിപോര്‍ട്ട് ചെയ്തു. ആശുപത്രിയില്‍ നിരവധി കുട്ടുകളെയാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. കുട്ടികള്‍ രക്ഷപ്പെടുമോയെന്ന ആധിയിലാണ് മാതാപിതാക്കള്‍.

പ്രവേശിപ്പിക്കപ്പെട്ട കുട്ടികളില്‍ മിക്കവാറും പേര്‍ക്ക് വൈറല്‍ പനിയാണ് കാണുന്നതെന്നും ചിലര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചിതായും മെഡിക്കല്‍ കോളജിലെ കുട്ടികളുടെ വിദഗ്ധന്‍ ഡോ. എല്‍ കെ ഗുപ്ത പറഞ്ഞു.

ഇവിടെ മാത്രം 186 പേരെ പ്രവേശിപ്പിച്ചിട്ടുണ്ട്. അതില്‍ ഭൂരിഭാഗവും കുട്ടികളാണ്. രോഗം പ്രസരിച്ചതിനെത്തുടര്‍ന്ന് ജില്ലാ മജിസ്‌ട്രേറ്റ് വിജയ് സങ് എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങളും അടച്ചിടാന്‍ ഉത്തരിവിട്ടു .1-8 ക്ലാസ്സുകള്‍ സപ്തംബര്‍ 6വരെയാണ് അടച്ചിടുക.

മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ചൊവ്വാഴ്ച മെഡിക്കല്‍ കോളജ് സന്ദര്‍ശിച്ചു. മരിച്ച ഏതാനും കുട്ടികളുടെ വീടുകളും മുഖ്യമന്ത്രി സന്ദര്‍ശനം നടത്തി.

ആഗസ്ത് 18നാണ് ആദ്യരോഗബാധ സ്ഥിരീകരിച്ചത്.


Tags:    

Similar News