ആനയാംകുന്ന് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ അധ്യാപകരിലും വിദ്യാര്‍ഥികളിലും പനി പടരുന്നു; രക്ത സാംപിള്‍ പരിശോധനയ്ക്കായി മണിപ്പാലിലേക്ക് അയച്ചു
ഹൈസ്‌കൂളിലെ 42 വിദ്യാര്‍ഥികള്‍ക്കും 13 അധ്യാപകരും ഇപ്പോള്‍ ചികില്‍സയിലാണ്.
മുക്കം: നാട്ടുകാരില്‍ ഭീതി ഉയര്‍ത്തി കാരശ്ശേരി ഗ്രാമപ്പഞ്ചായത്തിലെ ആനയാംകുന്ന് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ അധ്യാപകരിലും വിദ്യാര്‍ഥികളിലും വ്യാപകമായി പനി പടരുന്നു. ഹൈസ്‌കൂളിലെ 42 വിദ്യാര്‍ഥികള്‍ക്കും 13 അധ്യാപകരും ഇപ്പോള്‍ ചികില്‍സയിലാണ്. ജനുവരി 3നാണ് ആദ്യം പനി സ്‌കൂള്‍ അധികൃതരുടെ ശ്രദ്ധയില്‍ പെട്ടത്. ഒരു ക്ലാസില്‍ 12 കുട്ടികള്‍ അവധിയായത് അന്വേഷിച്ചപ്പോള്‍ സ്‌കൂളില്‍ മൊത്തം 42 കുട്ടികള്‍ അവധിയിലാണന്ന് കണ്ടത്തുകയായിരുന്നു. ഇതേ സമയം, 13 അധ്യാപകരും പനിപിടിച്ച് അവധിയിലായിരുന്നു. പിറ്റേ ദിവസവും കൂടുതല്‍ വിദ്യാര്‍ഥികള്‍ അവധിയിലായതോടെ സ്‌കൂള്‍ അധികൃതര്‍ ആരോഗ്യ വകുപ്പിനെ വിവരമറിയിക്കുകയായിരുന്നു.
കടുത്ത പനി, തലവേദന, തൊണ്ടവേദന എന്നിവ ബാധിച്ചാണ് വിദ്യാര്‍ഥികളേയും അധ്യാപകരേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് ആരോഗ്യ വകുപ്പ് ഭക്ഷണം, വെള്ളം, കിണര്‍ പരിസരം എന്നിവിടങ്ങളില്‍ പരിശോധന നടത്തിയങ്കിലും ഒന്നും കണ്ടത്താനായില്ലന്നാണ് വിവരം. പന പടരുന്ന സാഹചര്യത്തില്‍ മൂന്നു വിദ്യാര്‍ത്ഥികളുടേയും ഒരു അധ്യാപകന്റെയും രക്തസാംപി കോഴിക്കോട് ബീച്ചാശുപത്രിയില്‍ ശേഖരിച്ച് വിദഗ്ധ പരിശോധനക്കായി മണിപ്പാലിലേക്ക് അയച്ചിട്ടുണ്ട്. അതേ സമയം, എസ്എസ്എല്‍സി പരീക്ഷ അടുത്ത സമയത്ത് ഇത്രയധികം കുട്ടികള്‍ക്കും അധ്യാപകര്‍ക്കും ഒന്നിച്ച് പനി വന്നതില്‍ രക്ഷിതാക്കളും അധ്യാപകരും പിടിഎ കമ്മറ്റിയും ആശങ്കയിലാണ്. പത്താം തിയ്യതി സ്‌കൂളില്‍ വിളിച്ചു ചേര്‍ത്ത പിടിഎ യോഗം മാറ്റി വെച്ചിട്ടുണ്ട്
