'മനസോടിത്തിരി മണ്ണ്' ക്യാമ്പയിനിലേക്ക് ഫെഡറല്‍ ബാങ്ക് 1.55 ഏക്കര്‍ ഭൂമി കൈമാറി

Update: 2022-08-10 11:55 GMT

കൊച്ചി: ഭൂരഹിത, ഭവനരഹിതരുടെ പുനരധിവാസത്തിനായി ഭൂമി കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ ലൈഫ് മിഷന്‍ ആരംഭിച്ച 'മനസോടിത്തിരി മണ്ണ്' ക്യാമ്പയിനിലേക്കായി ഫെഡറല്‍ ബാങ്ക് നല്‍കിയ 1.55 ഏക്കര്‍ ഭൂമി ലൈഫ് മിഷനു നല്‍കുന്നതിന്റെ രേഖകള്‍ മുഖ്യമന്ത്രി പിണറായി വിജയനു കൈമാറി.

എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ താലൂക്കില്‍ ആയവന ഗ്രാമപഞ്ചായത്തിലെ 1.50 ഏക്കറും തൃശ്ശൂര്‍ ജില്ലയില്‍ ചാലക്കുടി താലൂക്കിലെ വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്തില്‍ അഞ്ചു സെന്റ് ഭൂമിയുമാണു ലൈഫ് മിഷനു കൈമാറിയത്. ഈ രണ്ടു ഭൂമികളുടേയും അതാത് ഗ്രാമപഞ്ചായത്തുകള്‍ക്ക് രജിസ്റ്റര്‍ ചെയ്ത നല്‍കിയ ആധാരം ഫെഡറല്‍ ബാങ്ക് ചെയര്‍മാന്‍ സി. ബാലഗോപാല്‍ മുഖ്യമന്ത്രിക്ക് കൈമാറി.

മനസ്സോടിത്തിരി മണ്ണ് ക്യാമ്പയിനില്‍ കെ. ചിറ്റിലപ്പള്ളി ഫൗണ്ടേഷന്‍ 1000 ഭൂരഹിത, ഭവനരഹിത കുടുംബങ്ങള്‍ക്ക് ഭൂമി വാങ്ങുന്നതിനായി ഒരു കുടുംബത്തിന് പരമാവധി രണ്ട് ലക്ഷം രൂപ നിരക്കില്‍ 25 കോടി രൂപ ധനസഹായം നല്‍കുന്നതിന് സര്‍ക്കാറുമായി ധാരണപത്രം ഒപ്പിട്ടിട്ടുണ്ട്. 67 ഗുണഭോക്താക്കള്‍ക്ക് ഇതിനോടകം ഭൂമി വാങ്ങി നല്‍കി. ഭൂമി കണ്ടെത്തിയ 36 ഗുണഭോക്താക്കളുടെ രജിസ്‌ട്രേഷന്‍ നടപടികള്‍ പുരോഗമിക്കുന്നു. ബാക്കി ഗുണഭോക്താക്കള്‍ക്ക് ഭൂമി കണ്ടെത്തുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണ്. ഈ ക്യാമ്പയിന്റെ ഭാഗമായി ഇതുവരെ 39 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലായി 48 സ്ഥലങ്ങള്‍ (1778.721 സെന്റ്) ലൈഫ് മിഷന് ലഭ്യമാവുകയോ വാഗ്ദാനം ചെയ്യപ്പെടുകയോ ചെയ്തിട്ടുണ്ട്.

Similar News