തഹ് ലിയ പലപ്പോഴും ഏകപക്ഷീയമായി തീരുമാനമെടുക്കുന്നു; യുഡിഎഫില്‍ അതൃപ്തി

Update: 2026-04-21 08:58 GMT

കോഴിക്കോട്: ഫാത്തിമ തഹ് ലിയക്കെതിരേ യുഡിഎഫില്‍ അതൃപ്തി. വെള്ളിമാടുകുന്ന് ജെഡിടി ഇസ് ലാം സ്‌കൂളിലെ വോട്ടെണ്ണല്‍ കേന്ദ്രത്തിലെ സ്റ്റോര്‍ റൂം തുറന്നതുമായി ബന്ധപ്പെട്ട വിവാദത്തില്‍ പേരാമ്പ്രയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഫാത്തിമ തഹ് ലിയക്കെതിരേ ജില്ലയിലെ ലീഗ് നേതൃത്വത്തിലും മുന്നണിയിലും കടുത്ത അതൃപ്തി. സ്‌ട്രോങ് റൂം തുറക്കുന്ന കാര്യം വരാണാധികാരി നേരത്തേ അറിയിച്ചിട്ടും അക്കാര്യം തഹ് ലിയ യുഡിഎഫ്, ലീഗ് നേതൃത്വത്തെ അറിയിച്ചില്ല. ഫാത്തിമ പലപ്പോഴും ഏകപക്ഷീയമായ തീരുമാനം എടുക്കുന്നുവെന് ലീഗില്‍ വിമര്‍ശനം ഉയര്‍ന്നു. തിരഞ്ഞടുപ്പ് വേളയിലും ഗൗരവമായ പല കാര്യങ്ങളും യുഡിഎഫിനെ അറിയിച്ചില്ലെന്നും വിമര്‍ശനം.

വോട്ടിങ് യന്ത്രങ്ങള്‍ സൂക്ഷിച്ചിരുന്ന സ്‌ട്രോങ് റൂമിന് തൊട്ടടുത്തുള്ള സ്റ്റോര്‍ റൂമാണ് തിങ്കളാഴ്ച രാവിലെ പേരാമ്പ്ര മണ്ഡലത്തിലെ റിട്ടേണിങ് ഓഫീസറുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥര്‍ തുറന്നത്. സ്ഥാനാര്‍ഥികളോ ഏജന്റുമാരോ അറിയാതെയാണ് മുറി തുറന്നതെന്ന് ആരോപിച്ച് യുഡിഎഫ് ജില്ലാ നേതൃത്വം ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. എന്നാല്‍, രാവിലെ എട്ട് മണിക്കുതന്നെ സ്റ്റോര്‍ റൂം തുറക്കുന്ന കാര്യം വരണാധികാരി അറിയിച്ചിരുന്നുവെന്ന് ഫാത്തിമ തഹ് ലിയ വ്യക്കമാക്കിയതോടെ യുഡിഎഫ് നേതൃത്വം വെട്ടിലായി.

വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ വോട്ടിങ് മെഷീനുകള്‍ക്ക് കാവലായി യുഡിഎഫ് ഒരു പ്രത്യേക സംഘത്തെ തന്നെ നിയോഗിച്ചിരുന്നു. ഇവരെയോ ജില്ലാ യുഡിഎഫ് നേതൃത്വത്തെയോ വിവരം അറിയിക്കാതെ ഫാത്തിമ തഹ് ലിയ നേരിട്ട് വോട്ടെണ്ണല്‍ കേന്ദ്രത്തിലേക്ക് എത്തിയതാണ് ആശയക്കുഴപ്പത്തിന് കാരണമായത്. ഡിസിസി പ്രസിഡന്റ് കെ പ്രവീണ്‍ കുമാറിനോടും ലീഗ് ജില്ലാ പ്രസിഡന്റ് എം എ റസാഖിനോടും ഈ വിവരം തഹ് ലിയ പങ്കുവെയ്ക്കാതിരുന്നതും കടുത്ത അതൃപ്തിക്കാണ് വഴിവെച്ചിരിക്കുന്നത്.

തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നിര്‍ണായകമായ കാര്യങ്ങളില്‍ സ്വന്തം നിലയ്ക്ക് തീരുമാനമെടുക്കരുതെന്ന് മുസ് ലിം ലീഗ് ജില്ലാ നേതൃത്വം ഫാത്തിമ തഹ് ലിയക്ക് നിര്‍ദേശം നല്‍കി. വോട്ടെടുപ്പ്, വോട്ടെണ്ണല്‍ തുടങ്ങിയ അതീവ ജാഗ്രത വേണ്ട കാര്യങ്ങളില്‍ പാര്‍ട്ടി നേതൃത്വവുമായും യുഡിഎഫ് ജില്ലാ ഘടകവുമായും കൂടിയാലോചിച്ചു മാത്രമേ മുന്നോട്ട് പോകാവൂ എന്ന് ലീഗ് വ്യക്തമാക്കി.

Tags: