ഫാദര്‍ കോട്ടൂര്‍ ജയില്‍പുള്ളി നമ്പര്‍ 4334, സിസ്റ്റര്‍ സെഫി നമ്പര്‍ 15, അട്ടക്കുളങ്ങര ജയില്‍

കൊലക്കേസില്‍ കോടതി ശിക്ഷിച്ച് ജയിലില്‍ അടച്ചെങ്കിലും ഫാ.തോമസ് കോട്ടൂരും സിസ്റ്റര്‍ സെഫിയും സഭാ രേഖകളില്‍ പുരോഹിതരായി തുടരും

Update: 2020-12-24 03:17 GMT
തിരുവനന്തപുരം: സഭാ വസ്ത്രം അഴിച്ചുവെച്ച് ഫാ.തോമസ് കോട്ടൂരും സിസ്റ്റര്‍ സെഫിയും ജയില്‍ ജീവിതം തുടങ്ങി. ബധനാഴ്ച്ച ഉച്ചയോടെയാണ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഇരുവരെയും ജയിലില്‍ എത്തിച്ചത്. തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ ഇനിമുതല്‍ 4334 എന്നാണ് ഫാ.തോമസ് കോട്ടൂരിന്റെ മേല്‍വിലാസം. കൂട്ടുപ്രതി സിസ്റ്റര്‍ സെഫിയെ അട്ടക്കുളങ്ങര വനിതാ ജയിലിലേക്കാണ് മാറ്റിയത്. അട്ടക്കുളങ്ങര ജയിലിലെ 15ാം നമ്പര്‍ തടവുകാരിയാണ് സിസ്റ്റര്‍ സെഫി.


ജയിലില്‍ സഭാവസ്ത്രം അനുവദിക്കില്ല. സഭാവസ്ത്രം ധരിച്ചുകൊണ്ടാണ് സെഫി ജയിലിലെത്തിയത്. ഇതിനുപകരം വെള്ളമുണ്ടും ലോങ് ബ്ലൗസും ടവ്വലും നല്‍കി. ഫാ. കോട്ടൂരിന് തടവുപുള്ളികള്‍ക്കുള്ള വെള്ള ഷര്‍ട്ടും മുണ്ടുമാണ് വേഷം.കൊലക്കേസില്‍ കോടതി ശിക്ഷിച്ച് ജയിലില്‍ അടച്ചെങ്കിലും ഫാ.തോമസ് കോട്ടൂരും സിസ്റ്റര്‍ സെഫിയും സഭാ രേഖകളില്‍ പുരോഹിതരായി തുടരും. ഇവരുടെ അപ്പീല്‍സാധ്യത കണക്കിലെടുത്താണ് തീരുമാനം എന്നറിയുന്നു. ഇവരുടെ പേരിലുള്ള ആരോപണങ്ങള്‍ അവിശ്വസനീയമാണെന്ന് കോട്ടയം അതിരൂപത പറഞ്ഞിരുന്നു.


ശിക്ഷാനടപടിയുടെ ഭാഗമായി വൈദികര്‍ക്കെതിരെ നടപടിയെടുക്കുന്നതിന് സഭക്കുള്ളില്‍ പല ഘട്ടങ്ങളുണ്ട്. അതത് രൂപതകളുടെ മെത്രാന്‍മാര്‍ക്ക് ഇതിനുള്ള നടപടി സ്വീകരിക്കാം. അന്വേഷണക്കമ്മിഷനെവെച്ച് സാക്ഷികളെ വിസ്തരിച്ചാണ് നടപടി പൂര്‍ത്തിയാക്കുന്നത്. നീണ്ട പ്രക്രിയയാണിത്. പുറത്തായവര്‍ക്ക് വത്തിക്കാനില്‍ അപ്പീല്‍ നല്‍കാനും അവസരമുണ്ട്.

ബലാത്സംഗക്കേസില്‍ പ്രതിയായ മാനന്തവാടി രൂപതയിലെ ഫാ. റോബിന്‍ വടക്കുംചേരിയെ വൈദികപട്ടത്തില്‍നിന്ന് നീക്കിയതാണ് ഇത്തരത്തില്‍ അടുത്തകാലത്തുണ്ടായ സംഭവം. ഇയാള്‍ ബലാത്സംഗംചെയ്ത പെണ്‍കുട്ടി പ്രസവിച്ചിരുന്നു. കുഞ്ഞിന്റെ അച്ഛന്‍ റോബിനാണെന്ന് ഡി.എന്‍.എ. പരിശോധനയില്‍ വ്യക്തമാകുകയും ചെയ്തു. ഇതോടെയാണ് പൗരോഹിത്യത്തില്‍ നിന്നും പുറത്തായത്.




Tags:    

Similar News