ന്യൂഡല്‍ഹി: ജനുവരി ഒന്നു മുതല്‍ രാജ്യത്ത് വാഹനങ്ങള്‍ക്ക് ഫാസ്ടാഗുകള്‍ നിര്‍ബന്ധമാണെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. ഓണ്‍ലൈന്‍ പരിപാടിയില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. പണമടക്കാനായി ടോള്‍ പ്ലാസകളില്‍ നിര്‍ത്തേണ്ടതില്ലാത്തതിനാല്‍ സമയവും ഇന്ധനവും ലാഭിക്കാന്‍ ഇത് സഹായകമാകുമെന്നും അദ്ദേഹം പറഞ്ഞു. 2017 ഡിസംബര്‍ ഒന്നിന് മുമ്പുള്ള വാഹനങ്ങളിലും ഫാസ്ടാഗ് നല്‍കണം. ഡിജിറ്റല്‍ രൂപത്തിലുള്ള ടോള്‍ പിരിവ് പ്രോത്സാഹിപ്പിക്കുന്നതിനായാണ് പുതിയ തീരുമാനം.
പുതിയ നിര്‍ദേശം അനുസരിച്ച് പഴയ വാഹനത്തില്‍ നല്‍കുന്നതിനൊപ്പം ട്രാന്‍സ്പോര്‍ട്ട് വാഹനങ്ങളുടെ ഫിറ്റ്നെസ് സര്‍ട്ടിഫിക്കറ്റ് പുതുക്കണമെങ്കിലും ഫാസ് ടാഗ് വേണം. നാഷണല്‍ പെര്‍മിറ്റ് വാഹനങ്ങളില്‍ 2019 ഒക്ടോബര്‍ മുതല്‍ ഫാസ്ടാഗ് നിര്‍ബന്ധമാക്കിയിരുന്നു. പൂര്‍ണമായും ഫാസ്ടാഗ് സംവിധാനത്തിലേക്ക് മാറുന്നതോടെ ടോള്‍ പ്ലാസകളിലെ തിരക്ക് കുറയ്ക്കാന്‍ സാധിക്കുമെന്നും വാഹനങ്ങള്‍ക്ക് തടസമില്ലാതെ കടന്നുപോകാന്‍ കഴിയുമെന്നുമാണ് ഗതാഗത മന്ത്രാലയത്തിന്റെ വിലയിരുത്തല്‍