പഞ്ചാബില്‍ കര്‍ഷകര്‍ ഹോട്ടല്‍ വളഞ്ഞു; ബിജെപി നേതാക്കള്‍ പിന്‍വാതില്‍ വഴി ഓടി രക്ഷപ്പെട്ടു

Update: 2020-12-25 16:14 GMT

ഫഗ്വാര: പഞ്ചാബിലെ ഫഗ്വാരയില്‍ ബിജെപി നേതാക്കള്‍ യോഗം ചേര്‍ന്ന ഹോട്ടല്‍ കര്‍ഷകര്‍ വളഞ്ഞു. ഉള്ളിലകപ്പെട്ട നേതാക്കള്‍ പോലിസിന്റെ സഹായത്താല്‍ പിന്‍വാതില്‍ വഴി ഓടി രക്ഷപ്പെട്ടു. ഭാരതി കിസാന്‍ യൂണിയന്‍(ദൊവാബ) പ്രവര്‍ത്തകരാണ് ബിജെപി നേതാക്കള്‍ക്കെതിരേ പ്രത്യക്ഷ സമരത്തിനിറങ്ങിയത്. മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയുടെ ജന്മദിനാഘോഷങ്ങള്‍ക്കായി എത്തിയായിരുന്നു ബിജെപി നേതാക്കള്‍.

കന്നുകാലിത്തീറ്റയും കോഴിത്തീറ്റയും വിതരണം ചെയ്യുന്ന ഒരു കമ്പനിയുടെ ഉടമയാണ് ഹോട്ടലിന്റെയും ഉടമയെന്നും ഇയാള്‍ ബിജെപിയുടെ പ്രവര്‍ത്തകനാണെന്നും കര്‍ഷകര്‍ പറഞ്ഞു. കമ്പനിയുടെ ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കുമെന്നും അവര്‍ പറഞ്ഞു.

കര്‍ഷക നേതാവായ ക്രിപാല്‍ സിങ് മുസ്സാപറും ഏതാനും പ്രതിഷേധക്കാരും എത്തി ഹോട്ടല്‍ വളഞ്ഞെങ്കിലും അതിനു മുമ്പു തന്നെ ബിജെപി നേതാക്കള്‍ ഹോട്ടലില്‍ പ്രവേശിച്ചിരുന്നു. ബിജെപി നേതാക്കളെയും പ്രവര്‍ത്തകരെയും ഹോട്ടലിനുള്ളില്‍ പ്രവേശിപ്പിക്കില്ലെന്നായിരുന്നു പ്രതിഷേധക്കാര്‍ പറഞ്ഞിരുന്നത്. അതേസമയം കണ്ണുവെട്ടിച്ച് അകത്തു കടന്നവരെ പുറത്തേക്ക് വിടില്ലെന്ന് പിന്നീട് കര്‍ഷകര്‍ നിലപാടെടുത്തു. അതോടെയാണ് പോലിസ് എത്തി പിന്‍വാതില്‍ വഴി ബിജെപി നേതാക്കളെ രക്ഷപ്പെടുത്തിയത്.

ബിജെപി നേതാക്കള്‍ കര്‍ഷകര്‍ക്കെതിരേ തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കുകയാണെന്ന് പ്രതിഷേധക്കാര്‍ ആരോപിച്ചു.

Similar News