കര്‍ഷക സമരം: പ്രതിഷേധക്കാരെ വീണ്ടും ചര്‍ച്ചയ്ക്ക് ക്ഷണിച്ച് കേന്ദ്ര കൃഷിമന്ത്രി

Update: 2020-11-30 18:51 GMT

ന്യൂഡല്‍ഹി: ഉപാധികളോടെ ചര്‍ച്ച ചെയ്യാനുള്ള ക്ഷണം നിരസിച്ചതിനെ തുടര്‍ന്ന് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തൊമര്‍ സമരം ചെയ്യുന്ന കര്‍ഷക സംഘടനകളെ വീണ്ടും ചര്‍ച്ചയ്ക്ക് ക്ഷണിച്ചു. ഡിസംബര്‍ ഒന്നാം തിയ്യതി വിജ്ഞാന ഭവനിലേക്കാണ് ക്ഷണിച്ചിരിക്കുന്നത്. ഡിസംബര്‍ 1, വൈകീട്ട് മൂന്ന് മണിക്ക് ചര്‍ച്ച ആരംഭിക്കുമെന്ന് മന്ത്രി പറഞ്ഞു. 

''നവംബര്‍ 13ാം തിയ്യതിയിലെ തീരുമാനിച്ചതനുസരിച്ച് അടുത്ത ഘട്ടം ചര്‍ച്ച ഡിസംബര്‍ മൂന്നിനാണ് നടക്കേണ്ടിയിരുന്നത്. കര്‍ഷകരുടെ സമരം തുടരുന്നതുകൊണ്ടും കടുത്ത ശൈത്യവും കൊവിഡ് രോഗവ്യാപനത്തിന്റെ പ്രശ്‌നങ്ങളും നിലനില്‍ക്കുന്നതിനാലും ഡിസംബര്‍ മൂന്നിനു മുമ്പ് അനുരജ്ഞന ചര്‍ച്ച തീരുമാനിക്കുകയായിരുന്നു. അതുകൊണ്ടാണ് ഡിസംബര്‍ 1ന് വൈകീട്ട് മൂന്നു മണിക്ക് ചര്‍ച്ച വിളിച്ചത്- മന്ത്രി പറഞ്ഞു. പുതിയ നിയമത്തെ കുറിച്ച് കര്‍ഷകര്‍ക്ക് ചില തെറ്റിദ്ധാരണകളുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

''കഴിഞ്ഞ ആറ് വര്‍ഷത്തിനിടയില്‍ കര്‍ഷകരുടെ വരുമാനം ആറിരട്ടി വര്‍ധിച്ചു. പുതിയ നിയമത്തിനെതിരേ അവര്‍ രംഗത്തുവന്നത് ചില തെറ്റിദ്ധാരണകള്‍ അവരില്‍ നിലനില്‍ക്കുന്നതുകൊണ്ടാണ്. ഞങ്ങള്‍ കര്‍ഷക സംഘടനകളുമായി രണ്ട് വട്ടം ചര്‍ച്ച നടത്തിയിരുന്നു. ഒന്ന് ഒക്ടോബര്‍ 14നും നവംബര്‍ 13നും-മാധ്യമങ്ങള്‍ക്കു നല്‍കിയ പ്രസ്താവനയില്‍ മന്ത്രി പറഞ്ഞു.

എന്നാല്‍ ഉപാധികളോടെയുള്ള ചര്‍ച്ചയ്ക്ക് കര്‍ഷകര്‍ തയ്യാറായില്ല. മാത്രമല്ല ഡല്‍ഹിയിലേക്കുള്ള മുഴുവന്‍ വഴികളും അടച്ചുപൂട്ടുമെന്നും അവര്‍ ഭീഷണി മുഴക്കി. ഡല്‍ഹിയിലെ ബുരാരി മൈതാനത്താണ് കര്‍ഷകര്‍ പ്രതിഷേധിക്കുന്നത്.

Similar News