കര്‍ഷക സമരം: പഞ്ചാബില്‍ ട്രയിന്‍ തടയല്‍ സമരം താല്‍ക്കാലികമായി പിന്‍വലിച്ചു

Update: 2020-11-22 04:13 GMT

ചണ്ഡീഗഢ്: കാര്‍ഷിക നിയമത്തിനെതിരേ പഞ്ചാബില്‍ രണ്ട് മാസമായി നടന്നു കൊണ്ടിരിക്കുന്ന ട്രയിന്‍ തടയല്‍ സമരം പിന്‍വലിക്കാന്‍ ധാരണയായി. ട്രയിന്‍ തടയല്‍ സമരം പൂര്‍ണമായും പിന്‍വലിച്ചതായി പഞ്ചാബ് ഫാര്‍മേഴ്‌സ് യൂണിയന്‍ പ്രഖ്യാപിച്ചു. ഇതോടെ പഞ്ചാബിലൂടെ യാത്രാ-ചരക്കു വണ്ടികള്‍ക്ക് തടസ്സമില്ലാതെ കടന്നുപോകാം.

അതേസമയം ലോക്‌സഭയും രാജ്യസഭയും പാസ്സാക്കിയ നിയമം പിന്‍വലിക്കാന്‍ കേന്ദ്രത്തിന് യൂണിയന്‍ 15 ദിവസത്തെ സമയം നല്‍കിയിട്ടുണ്ട്. അത് നടന്നില്ലെങ്കില്‍ ട്രയിന്‍ തടയല്‍ സമരം പുനഃരാരംഭിക്കും.

മുഖ്യമന്ത്രി അമരീന്ദര്‍ സിങ് വിളിച്ചുചേര്‍ത്ത 31 കര്‍ഷക സംഘടനാ പ്രതിനിധികള്‍ പങ്കെടുത്ത യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്.

സപ്തംബര്‍ 24 നാണ് കാര്‍ഷിക നിയമത്തില്‍ പ്രതിഷേധിച്ച് കര്‍ഷക സംഘടനകള്‍ ആറ് കേന്ദ്രങ്ങളില്‍ റെയില്‍ തടയല്‍ സമരം ആരംഭിച്ചത്. പിന്നീട് അത് 2 കേന്ദ്രങ്ങളായി കുറച്ചു. എന്നാല്‍ കാര്‍ഷിക നിയമത്തില്‍ നീക്കുപോക്കുകള്‍ക്ക് തയ്യാറാവാത്ത സാഹചര്യത്തില്‍ 33 കേന്ദ്രങ്ങളിലേക്ക് സമരം വ്യാപിപ്പിച്ചു. കാര്‍ഷിക നിയമത്തില്‍ പ്രതിഷേധിച്ചുകൊണ്ട് സംസ്ഥാനത്തേക്ക് ഒരു ചരക്കുവണ്ടിയും യാത്രാവണ്ടിയും കടത്തിവിടുകയില്ലെന്ന് കര്‍ഷക സംഘടനകള്‍ പ്രഖ്യാപിക്കുകയും ചെയ്തു.

Similar News