കര്‍ഷക സമരം: കേന്ദ്ര സര്‍ക്കാരും കര്‍ഷക സംഘടനകളുമായുളള എട്ടാം വട്ട ചര്‍ച്ച തുടങ്ങി

Update: 2021-01-08 10:33 GMT

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ സമരം നടത്തുന്ന കര്‍ഷക സംഘടനകളും കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധികളും തമ്മിലുള്ള എട്ടാം വട്ട ചര്‍ച്ച തുടങ്ങി. ഡല്‍ഹി വിഖ്യാന്‍ ഭവനിലാണ് ചര്‍ച്ച നടക്കുന്നത്. കേന്ദ്ര സര്‍ക്കാരിനെ പ്രതിനിധീകരിച്ച് കേന്ദ്ര മന്ത്രിമാരായ നരേന്ദ്ര സിങ് തൊമര്‍, പിയൂഷ് ഗോയല്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്നുണ്ട്. ചര്‍ച്ചയ്ക്ക് മുമ്പ് കേന്ദ്ര മന്ത്രിമാര്‍ ആഭ്യന്തര മന്ത്രി അമിത്ഷായെ കണ്ടിരുന്നു.

ഇത്തവണ ചര്‍ച്ച സമവായത്തിലെത്തിക്കാന്‍ സാധിക്കുമെന്ന് ചര്‍ച്ചയ്ക്കു മുമ്പ് കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധികളും കര്‍ഷക സംഘടനാ പ്രതിനിധികളും പ്രത്യാശ പ്രകടിപ്പിച്ചു.

''ഇന്നത്തെ ചര്‍ച്ച ഏറ്റവും പ്രതീക്ഷാനിര്‍ഭരമായ അന്തരീക്ഷത്തിലാണ് നടക്കുന്നത്. ഇത്തവണ നമുക്ക് ഒരു സമവായത്തില്‍ എത്താന്‍ കഴിയും. ചര്‍ച്ചയില്‍ രണ്ട് ഭാഗവും യോജിച്ച ഒരു തീരുമാനത്തില്‍ എത്തിച്ചേരാന്‍ ശ്രമിക്കും''- തൊമര്‍ പറഞ്ഞു.

ഒരു സമവായത്തിലെത്താന്‍ കഴിയുമെന്നാണ് തങ്ങളുടെയും പ്രതീക്ഷയെന്ന് ചര്‍ച്ചയില്‍ പങ്കെടുക്കുന്ന ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവും കര്‍ഷക സമര സമിതി നേതാവുമായ രാകേഷ് തിക്കായത്തും പറഞ്ഞു.

ഇത്തവണത്തെ ചര്‍ച്ച പരാജയപ്പെട്ടാല്‍ തങ്ങള്‍ ഡല്‍ഹിയില്‍ ട്രാക്ടര്‍ മാര്‍ച്ച് നടത്തുമെന്ന് കര്‍ഷകര്‍ കേന്ദ്ര സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കി.

നിയമം പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ കര്‍ഷക യൂണിയന്‍ ഏതറ്റംവരയും പോകുമെന്ന് കര്‍ഷക സംഘടനാ നേതാവ് ഹന്ന മുല്ല പറഞ്ഞു.

നിയമം പിന്‍വലിക്കാനാവില്ലെന്ന് കഴിഞ്ഞ ദിവസം കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.

പുതിയ നിയമം കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കുമെന്നും അത് കാര്‍ഷിക മേഖലയില്‍ അവസരസമത്വമുണ്ടാക്കുമെന്നുമാണ് കേന്ദ്രത്തിന്റെ നിലപാട്. കര്‍ഷകര്‍ക്ക് അവരുടെ വിളവ് എവിടെയും വില്‍ക്കാന്‍ കഴിയുമെന്നതാണ് ബില്ലിന്റെ ഗുണമെന്നും സര്‍ക്കാര്‍ വിശദീകരിക്കുന്നു.

ഡിസംബര്‍ 30ന് നടന്ന ആറാം വട്ട ചര്‍ച്ചയില്‍ ഏതാനും ആവശ്യങ്ങളില്‍ തീരുമാനമായിട്ടുണ്ട്. വയല്‍ കത്തിക്കല്‍ കുറ്റകരമാക്കിയ നിയമത്തില്‍ ഇളവ്, വൈദ്യുതി നിയമത്തില്‍ ഭേദഗതി തുടങ്ങിയവയില്‍ സര്‍ക്കാര്‍ വിട്ടുവീഴ്ചയ്ക്ക്് തയ്യാറായിട്ടുണ്ട്. പക്ഷേ, കാര്‍ഷിക നിയമം പിന്‍വലിക്കുന്നതും താങ്ങുവില നിയമപരമാക്കുന്നതും ഇപ്പോഴും പരിഗണിക്കപ്പെട്ടിട്ടില്ല. ഇതായിരിക്കും ഇന്നത്തെ ചര്‍ച്ചയില്‍ കര്‍ഷകര്‍ ഉയര്‍ത്തുക. ഫാര്‍മേഴ്‌സ് പ്രൊഡ്യൂസ് ട്രേഡ് ആന്‍ഡ് കൊമേഴ്‌സ് ബില്ല് 2020, ഫാര്‍മേഴ്‌സ് എഗ്രിമെന്റ് ഓണ്‍പ്രൈസ് അഷ്വറന്‍സ് ആന്‍ഡ് ഫാം സര്‍വ്വീസ് ബില്ല്, എസന്‍ഷ്യല്‍ കമ്മോഡിറ്റീസ് ബില്ല് എന്നിവയ്‌ക്കെതിരെയാണ് കര്‍ഷകര്‍ പ്രതിഷേധിക്കുന്നത്.

Tags:    

Similar News