കര്‍ഷക സമരം: നോയിഡയില്‍ നിരവധി കര്‍ഷകരെ അറസ്റ്റ് ചെയ്ത് താല്‍ക്കാലിക ജയിലിലാക്കി

Update: 2020-12-02 19:05 GMT

നോയിഡ: പ്രക്ഷോഭത്തില്‍ പങ്കെടുക്കുന്നതിനുവേണ്ടി ഉത്തര്‍ പ്രദേശിലെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഡല്‍ഹിയിലേക്ക് പുറപ്പെട്ട കര്‍ഷകരെ നോയിഡ പോലിസ് അറസ്റ്റ് ചെയ്ത് താല്‍ക്കാലിക ജയിലിലടക്കാന്‍ തുടങ്ങി. ഭാരതീയ കിസാന്‍ യൂനിയന്‍ (ലോക് ശക്തി) നേതാവ് സ്വരാജ് സിങാണ് വിവരം പുറത്തുവിട്ടത്. നോയിഡയിലെ മഹാമായ ഫ്‌ലൈഓവറില്‍ ധര്‍ണയിരിക്കുന്നവരെയാണ് പോലിസ് ഡോ. അംബേദ്കര്‍ മെമ്മോറിയല്‍ പാര്‍ക്കിലേക്ക് മാറ്റുന്നത്.

അതേസമയം അംബേദ്ക്കര്‍ മെമ്മോറിയല്‍ പാര്‍ക്ക് താല്‍ക്കാലിക ജയിലല്ലെന്നും കര്‍ഷകരെ നീക്കം ചെയ്തത് ഫ്‌ലൈഓവറിലെ ധര്‍ണ വാഹനങ്ങള്‍ക്ക് തടസ്സം ഉണ്ടാക്കുന്നതുകൊണ്ടാണെന്നും നോയിഡ പോലിസ് ഡെപ്യൂട്ടി എസ് പി രാജേഷ് കുമാര്‍ സിങ് പറഞ്ഞു.

തങ്ങള്‍ റോഡിലല്ല ഇരുന്നിരുന്നതെന്നും പോലിസ് ബാരിക്കേഡുകള്‍ വച്ച് തങ്ങളുടെ വഴി തടയുകയായിരുന്നെന്നും കര്‍ഷകര്‍ പറഞ്ഞു. പാര്‍ക്ക് ഒരു ജയിലായാണ് തങ്ങള്‍ പരിഗണിക്കുന്നതെന്നും തങ്ങളെ സര്‍ക്കാര്‍ അറസ്റ്റ് ചെയ്തിരിക്കുകയാണെന്നും കര്‍ഷര്‍ പറഞ്ഞു. വിട്ടയക്കുന്ന മുറയ്ക്ക് തങ്ങള്‍ ഡല്‍ഹിയിലേക്ക് പോകുമെന്ന് കര്‍ഷകര്‍ വ്യക്തമാക്കി.

പ്രതിഷേധക്കാരെ പോകാനനുവദിക്കുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് അവര്‍ക്ക് പാര്‍ക്കില്‍ ധര്‍ണയിരിക്കാമെന്നും അതിനപ്പുറത്തേക്ക് പോകാന്‍ അനുവദിക്കില്ലെന്നും ഡെപ്യൂട്ടി എസ് പി രാജേഷ് കുമാര്‍ സിങ് പറഞ്ഞു.

സമരം ഏഴാം ദിവസം കടന്നതോടെ യുപിയില്‍ നിന്നും മധ്യപ്രദേശില്‍ നിന്നും നിരവധി കര്‍ഷക സംഘനടാ പ്രവര്‍ത്തകകരാണ് ഡല്‍ഹിലേക്ക് മാര്‍ച്ച് ചെയ്യുന്നത്.

Tags: