കര്‍ഷക സമരം: ഡല്‍ഹിയില്‍ 7 അതിര്‍ത്തികള്‍ പോലിസ് അടച്ചു

Update: 2020-12-07 06:57 GMT

ന്യൂഡല്‍ഹി: കര്‍ഷക സമരം തുടരുന്ന സാഹചര്യത്തില്‍ ഡല്‍ഹിയെ ഹരിയാന, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളുമായി ബന്ധിപ്പിക്കുന്ന ഏഴ് അതിര്‍ത്തികള്‍ പോലിസ് അടച്ചുപൂട്ടി.

സിങ്കു, തിക്രി, ഔചന്ദി, പിയാവു മാനിയാരി, മംഗേഷ്, ജരോഡ, ചില്ല അതിര്‍ത്തികളാണ് പൂര്‍ണമായും അടച്ചത്. സിങ്കു, തിക്രി, ഔചന്ദി, പിയാവു മാനിയാരി, മംഗേഷ്, ജരോഡ അതിര്‍ത്തികള്‍ ഡല്‍ഹിയെയും ഹരിയാനയെയും ബന്ധിപ്പിക്കുന്നവയാണ്. ചില്ല അതിര്‍ത്തി ഡല്‍ഹിയെയും ഉത്തര്‍പ്രദേശിലെ നോയിഡ, ഗ്രേറ്റര്‍ നോയിഡ, ജെവര്‍, മാതുര, ആഗ്ര, ലഖ്‌നോ എന്നീ നഗരങ്ങളെ ബന്ധിപ്പിക്കുന്നു.

അതിര്‍ത്തികള്‍ അടച്ച വിവരം പോലിസ് തന്നെയാണ് സോഷ്യല്‍മീഡിയ വഴി അറിയിച്ചത്. യാത്രക്കാരോട് മറ്റ് അതിര്‍ത്തി വഴി യാത്രചെയ്യാന്‍ നിര്‍ദേശിച്ചു.

''സിങ്കു, ഔചന്ദി, പിയാവോ മാനിയാരി, മംഗേഷ് അതിര്‍ത്തികള്‍ അടച്ചിരിക്കുന്നു. എന്‍ എച്ച് 44 ഇരുവശത്തും അടച്ചു. ലാംപൂര്‍, സഫിയാബാദ്, സബോലി അതിര്‍ത്തി വഴി യാത്ര ചെയ്യാവുന്നതാണ്. മുക്കര്‍ബ, ജിടികെ റോഡു വഴി വണ്ടികള്‍ തിരിച്ചുവിടുന്നുണ്ട്. ഔട്ടര്‍ റിങ് റോഡ്, ജിടികെ റോഡ്, എന്‍എച്ച് 44, എന്നിവ ഒഴിവാക്കുക''- ട്രാഫിക് പോലിസ് ട്വീറ്റ് ചെയ്തു.  

തിക്രി, ജരോഡ അതിര്‍ത്തികള്‍ വഴി ഒരു വാഹനങ്ങളും കടത്തിവിടുന്നില്ല. ബാദുസരായ് അതിര്‍ത്തി വഴി കാറുകള്‍ക്കും ഇരുചക്രവാഹനങ്ങള്‍ക്കും പ്രവേശനം അനുവദിച്ചിട്ടുണ്ട്.