കാര്‍ഷിക നിയമം: മഹാരാഷ്ട്ര സര്‍ക്കാര്‍ നിയമസഭയില്‍ പ്രമേയം പാസ്സാക്കണമെന്ന് കര്‍ഷക യൂനിയന്‍
മുംബൈ: മഹാരാഷ്ട്രയിലെ മഹാവികാസ് അഘാഡി സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാര്‍ പാസ്സാക്കിയ കാര്‍ഷിക നിയമത്തെത്തള്ളി പ്രമേയം പാസ്സാക്കണമെന്ന് ആള്‍ ഇന്ത്യ കിസാന്‍ സംഘര്‍ഷ് കോര്‍ഡിനേഷന്‍ കമ്മിറ്റി ആവശ്യപ്പെട്ടു. സംസ്ഥാനസര്‍ക്കാരിലെ മൂന്ന് ഘടകകക്ഷികളും പലപ്പോഴായി കാര്‍ഷിക നിയമത്തെക്കുറിച്ച് നിലപാട് പ്രഖ്യാപിച്ചവരാണ്. ആ സാഹചര്യത്തില്‍ സംസ്ഥാന നിയമസഭ കാര്‍ഷിക നിയമത്തിനെതിരേ ശക്തമായ നിലപാട് എടുക്കണമെന്നും യൂനിയന്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
''കേന്ദ്ര സര്‍ക്കാര്‍ പാസ്സാക്കിയ മൂന്ന് കാര്‍ഷിക നിയമഭേദഗതിയെക്കുറിച്ച് മഹാരാഷ്ട്ര സര്‍ക്കാര്‍ കര്‍ഷകരുടെ താല്‍പര്യം മുന്‍നിര്‍ത്തി ഉറച്ച നിലപാടെടുക്കണമെന്ന് ആള്‍ ഇന്ത്യ കിസാന്‍ സംഘര്‍ഷ് കോര്‍ഡിനേഷന്‍ കമ്മിറ്റി ആവശ്യപ്പെടുന്നു. നിലവില്‍ ഭേദഗതി ചെയ്ത നിയമം പിന്‍വലിച്ച് പകരം ഉല്‍പ്പാദനച്ചെലവിന്റെ 1.5 ഇരട്ടി താങ്ങുവിലയായി പ്രഖ്യാപിക്കണം''- സമിതി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
സമരം ആരംഭിച്ചിട്ട് ഏഴ് മാസം പിന്നിട്ടു. ഈ സമയത്ത് ഇത്തരമൊരു നിലപാട് എടുക്കുന്നത് കേന്ദ്ര സര്‍ക്കാരിന് കൃത്യമായ സന്ദേശം നല്‍കും. പുതിയ നിയമം കാര്‍ഷിക രംഗത്തെ കോര്‍പറേറ്റ് വല്‍ക്കരണത്തിന്റെ ഭാഗമാണ്. അവര്‍ക്കുവേണ്ടിയാണ് നിയമഭേദഗതി കൊണ്ടുവന്നത്. കര്‍ഷകര്‍ക്കുവേണ്ടിയാണെന്ന വ്യാജേനയാണ് നിയമം കൊണ്ടുവന്നിരിക്കുന്നത്. 2014ല്‍ അധികാരത്തില്‍ വന്നതുമുതല്‍ ഇത്തരമൊരു നിയമം കൊണ്ടുവരുന്നതിന് സര്‍ക്കാര്‍ ശ്രമിച്ചിരുന്നു. കാര്‍ഷിക മേഖലയില്‍ കുത്തകവല്‍ക്കരണത്തിനുള്ള ശ്രമമാണ് നടക്കുന്നതെന്ന് സംഘടന പ്രസ്താവനയില്‍ ഊന്നിപ്പറഞ്ഞു.
