കര്‍ഷക സമരം: ജിയോ ബഹിഷ്‌കരണം പഞ്ചാബില്‍ സജീവം; ഇതര സംസ്ഥാനങ്ങളില്‍ പ്രതികരണം കുറവെന്ന് മാധ്യപ്രവര്‍ത്തകന്‍ അഭിഷേക് ബക്ഷി

Update: 2020-12-12 18:23 GMT

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ആരംഭിച്ച കര്‍ഷക സമരത്തിന്റെ ഭാഗമായി ആഹ്വാനം ചെയ്ത ജിയോ സിം ബഹിഷ്‌കരണം പഞ്ചാബില്‍ വലിയ സ്വാധീനം ചെലുത്തിയതായി ടെക്‌നോളജി മാധ്യമപ്രവര്‍ത്തകന്‍ അഭിഷേക് ബക്ഷി. അഭിഷേകിനെ ഉദ്ധരിച്ച് സ്മാര്‍ട്ട്‌ഫോണ്‍ വില്‍പ്പനക്കാരുടെ ഒരു പോര്‍ട്ടലാണ് വിവരങ്ങള്‍ പുറത്തെത്തിച്ചത്. ഗ്രാമീണ പഞ്ചാബില്‍ സിം ബഹിഷ്‌കരണം പൂര്‍ണ വിജയമായിരുന്നു. എന്നാല്‍ പഞ്ചാബിന് പുറത്ത് വലിയ സ്വധീനമുണ്ടായതായി തോന്നുന്നില്ലെന്ന് അദ്ദേഹം അഭിപ്രാപ്പെട്ടു. താനിത് അന്വേഷിച്ച് ഉറപ്പുവരുത്തിയതായും അഭിഷേക് പറഞ്ഞു.

ജിയോയില്‍ നിന്ന് പോകുന്നവരില്‍ കൂടുതലും ഭാരത് എയര്‍ടെല്ലിലേക്കാണ് പോര്‍ട്ട് ചെയ്തിട്ടുളളതത്രെ. മറ്റുളളവര്‍ക്കും നേട്ടമുണ്ടായിട്ടുണ്ട്. അതേസമയം പൂര്‍ണ വിവരങ്ങള്‍ ലഭിക്കണമെങ്കില്‍ ട്രായ് കണക്കുകള്‍ പുറത്തുവിടേണ്ടിവരും.

കേന്ദ്ര സര്‍ക്കാര്‍ പാസ്സാക്കിയ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ക്കെതിരേ കഴിഞ്ഞ ഏതാനും മാസമായി കര്‍ഷകര്‍ സമരത്തിലാണ്. പിന്നീട് കര്‍ഷകരുടെ കൂട്ടായ തീരുമാനപ്രകാരം അവര്‍ ഡല്‍ഹിയിലേക്ക് മാര്‍ച്ച് ചെയ്തു. ഡല്‍ഹി സമത്തോട് കേന്ദ്ര സര്‍ക്കാര്‍ എടുത്ത നിഷേധാത്മക പ്രതികരണത്തെത്തുടര്‍ന്നാണ് ജിയോ സിം ബഹിഷ്‌കരിക്കാന്‍ സമരക്കാര്‍ തീരുമാനിച്ചത്.