കര്‍ഷക സമരം: പിന്തുണ പ്രഖ്യാപിച്ച് ഡല്‍ഹി മുഖ്യമന്ത്രിയും ഉപവാസത്തില്‍ പങ്കുചേരും

Update: 2020-12-14 02:46 GMT

ന്യൂഡല്‍ഹി: കാര്‍ഷിക നിയമത്തിനെതിരേ സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് പിന്തുണയര്‍പ്പിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ഉപവാസമനുഷ്ഠിക്കും.

സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് സഹായം ചെയ്യാനും പിന്തുണ പ്രഖ്യാപിക്കാനും കെജ്രിവാള്‍ ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകരോടും രാജ്യത്തെ ജനങ്ങളോടും അഭ്യര്‍ത്ഥിച്ചു. താങ്ങുവില നിയമം മൂലം ഉറപ്പുവരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സമരം ചെയ്യുന്ന കര്‍ഷകരെ ദേശവിരുദ്ധരാണെന്ന് ആരോപിച്ച ബിജെപി നേതാക്കളെയും മന്ത്രിമാരെയും കെജ്രിവാള്‍ വിമര്‍ശിച്ചു. രാജ്യത്തെ നിരവധി പാട്ടുകാരും കലാകാരന്മാരും ഡോക്ടര്‍മാരും കച്ചവടക്കാരും ദേശീയ, അന്തര്‍ദേശീയ കായികതാരങ്ങളും കര്‍ഷകര്‍ക്ക് പിന്തുണയുമായെത്തിയിരിക്കുന്നു. അവരെയും ദേശവിരുദ്ധരാണെന്ന് പറയുമോ എന്നും അദ്ദേഹം ചോദിച്ചു.

സമരത്തിന്റെ ഭാഗമായി കര്‍ഷക സംഘടനാ നേതാക്കളും ഇന്ന് സിംഗു അതിര്‍ത്തിയില്‍ ഉപവാസമനുഷ്ഠിക്കുന്നുണ്ട്.