കര്‍ഷക സമരം: മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരേ കേസെടുക്കുന്ന കേന്ദ്ര നടപടിയെ അപലപിച്ച് ഡോ. ടി എം തോമസ് ഐസക്
തിരുവനന്തപുരം: കര്‍ഷക സമരം റിപോര്‍ട്ടു ചെയ്യുന്ന മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ കേസു ചുമത്തി നിശബ്ദരാക്കാനുള്ള ബിജെപി സര്‍ക്കാരുകളുടെ നീക്കം അപലപനീയമെന്ന് ധനമന്ത്രി ഡോ. ടി എം തോമസ് ഐസക്ക്. അക്ഷരാര്‍ത്ഥത്തില്‍ മാധ്യമപ്രവര്‍ത്തകരെ വേട്ടയാടുകയാണ് ബിജെപി സര്‍ക്കാരുകളും കേന്ദ്രസര്‍ക്കാരിന്റെ കീഴിലുള്ള ഡല്‍ഹി പോലിസും ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ഒമ്പത് മാധ്യമപ്രവര്‍ത്തകരുടെ പേരില്‍ ഇതിനകം രാജ്യദ്രോഹക്കേസുകള്‍ ചുമത്തിക്കഴിഞ്ഞു. കര്‍ഷകര്‍ക്കനുകൂലമായി അഭിപ്രായം പറയുന്ന മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരെയും വേട്ടയാടാനുള്ള പട്ടികയില്‍ ഉള്‍പ്പെടുത്തിക്കഴിഞ്ഞു.
സമരകേന്ദ്രമായ സിംഘുവില്‍ കര്‍ഷകരെ കൈയേറ്റം ചെയ്ത ബിജെപിക്കാരുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ കാരവാന്‍ മാസികയുടെ മന്‍ദീപ് പൂണിയെ ഡല്‍ഹി പോലിസ് അറസ്റ്റു ചെയ്തു. ഓണ്‍ലൈന്‍ ന്യൂസ് ഇന്ത്യയിലെ ധര്‍മ്മേന്ദ്ര സിംഗിനെയും കസ്റ്റഡിയിലെടുത്തു.
കര്‍ഷക പ്രക്ഷോഭത്തിന്റെ സത്യസന്ധമായ വാര്‍ത്തകള്‍ ജനങ്ങളിലെത്തിച്ച മന്‍ദീപ് കുറേ നാളായി സംഘപരിവാറിന്റെ നോട്ടപ്പുള്ളിയാണ്. പൊലിസുകാരുടെ കൃത്യനിര്‍വഹണം തടസപ്പെടുത്തിയെന്നൊക്കെയുള്ള കുറ്റങ്ങളാണ് മന്‍ദീപിന്റെ ചുമലില്‍ ചാര്‍ത്തിയിരിക്കുന്നത്.
റിപ്പബ്ലിക് ദിനത്തിലെ കര്‍ഷക സമരത്തെക്കുറിച്ച് കേന്ദ്രസര്‍ക്കാരിന്റെ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായ വാര്‍ത്തകളും നിരീക്ഷണങ്ങളും വിശകലനങ്ങളും പങ്കുവെയ്ക്കുന്നവര്‍ക്കെല്ലാം എതിരെ കേസുകളെടുക്കുകയാണ്. രാജ് ദീപ് സര്‍ദേശായി, മൃണാള്‍ള്‍ പാണ്ഡെ, വിനോദ് കെ ജോസ്, സിദ്ധാര്‍ത്ഥ് വരദരാജന്‍ എന്നിവര്‍ക്കെല്ലാം എതിരെ കേസെടുത്തിട്ടുണ്ട്.
കേസും ഭീഷണിയുമൊക്കെ തുരുതുരാ വരുമ്പോള്‍ എല്ലാവരും ഭയപ്പെട്ടു വീട്ടിലിരിക്കുമെന്നും തങ്ങള്‍ക്കെതിരെ ആരും വാ തുറക്കില്ലെന്നുമൊക്കെയാണ് കേന്ദ്രസര്‍ക്കാരും ബിജെപി നേതൃത്വവുമൊക്കെ ധരിച്ചു വെച്ചിരിക്കുന്നത്. ഭരണകൂട ഭീകരതയ്‌ക്കെതിരെ ഇതിലും കൊടിയ പീഡനങ്ങള്‍ ഏറ്റുവാങ്ങിയാണ് നമ്മുടെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനം വളര്‍ന്നുവന്നത്. ഭീഷണിയ്ക്കു മുന്നില്‍ പതറാതെയും പ്രലോഭനങ്ങള്‍ക്കു വശംവദരാകാതെയും സ്വാഭിപ്രായധീരത ഉയര്‍ത്തിപ്പിടിക്കുന്ന എഡിറ്റര്‍മാരും പത്രസ്ഥാപനങ്ങളും രാജ്യത്തുണ്ട്.
അവരുടെ ആര്‍ജവത്തെയും വസ്തുതകളോടുള്ള ആഭിമുഖ്യത്തെയും രാജ്യദ്രോഹക്കേസു ചുമത്തി നിശ്ചേഷ്ടമാക്കിക്കളയാമെന്ന് കരുതുന്നവരോട് ഹാ കഷ്ടം എന്നല്ലാതെ എന്തു പറയാന്‍. ഈ അടിച്ചമര്‍ത്തല്‍ കാലത്തെയും ഭരണത്തെയും ഇന്ത്യ അതിജീവിക്കുക തന്നെ ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.

