കര്‍ഷകരുടെ ഡല്‍ഹി ഛലോ പ്രതിഷേധം: ഹരിയാന പോലിസ് യാത്രാനിര്‍ദേശങ്ങള്‍ പുറത്തിറക്കി

Update: 2020-11-24 17:02 GMT

ചണ്ഡീഗഢ്: കാര്‍ഷിക നിയമത്തിനെതിരേ കര്‍ഷകര്‍ ഡല്‍ഹിയില്‍ സംഘടിപ്പിക്കുന്ന ഡല്‍ഹി ഛലോ മാര്‍ച്ചിന്റെ മുന്നോടിയായി ഹരിയാന പോലിസ് യാത്രാ നിര്‍ദേശങ്ങള്‍ പുറത്തിറക്കി. യാത്രക്ക് പോകുന്നവരോട് ഡല്‍ഹി, പഞ്ചാബ് സംസ്ഥാനങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന റോഡുകള്‍ നവംബര്‍ 26-27 ദിവസങ്ങളില്‍ ഒഴിവാക്കാനാണ് നിര്‍ദേശം. ഡല്‍ഹിയിലേക്ക് പഞ്ചാബ് അതിര്‍ത്തിവഴി ധാരാളം പ്രതിഷേധക്കാര്‍ എത്താനിടയുണ്ടെന്ന് സര്‍ക്കാര്‍ കണക്കുകൂട്ടുന്നു.  

അംബാല, ഭിവാനി, കര്‍ണല്‍, ബഹാദുര്‍ഘര്‍, ജജ്ജാര്‍, സോനിപാറ്റ് തുടങ്ങിയ നഗരങ്ങളില്‍ ഒത്തുചേര്‍ന്ന് ഡല്‍ഹിയിലേക്ക് പോകണമെന്നാണ് കര്‍ഷക സംഘടനകള്‍ നിര്‍ദേശം നല്‍കിയിട്ടുളളത്. ക്രമസമാധാന പ്രശ്‌നം ഉണ്ടാവാതിരിക്കാനും  യാത്ര ചെയ്യുന്നവരുടെ ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാനുമാണ് നിര്‍ദേശം നല്‍കിയിരിക്കുന്നതെന്ന് ഹരിയാന പോലിസിന്റെ വാര്‍ത്താ കുറിപ്പില്‍ പറയുന്നു.

ചില റോഡുകള്‍ മുന്‍കൂട്ടി തടയാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്. സംഘര്‍ഷവും ക്രമസമാധാനവും പാലിക്കാനാണ് ഇത്തരം നടപടികളെന്നാണ് സര്‍ക്കാര്‍ നല്‍കുന്ന വിശദീകരണം. മാത്രമല്ല, കൊവിഡ് വ്യാപനവും കണക്കിലെടുത്തിട്ടുണ്ട്.

കര്‍ഷകരുടെ ഉല്‍പ്പന്നങ്ങള്‍ക്ക് താങ്ങുവിലയും വിറ്റഴിക്കുന്നതില്‍ കോര്‍പറേറ്റുകളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്ന നയങ്ങളും ഉറപ്പു വരുത്തുന്ന മൂന്ന് കാര്‍ഷിക നിയമങ്ങള്‍ക്കെതിരേ രാജ്യത്തെ കര്‍ഷകര്‍ വലിയ സമരത്തിലാണ്. അതിന്റെ ഭാഗമായാണ് ഛലോ ഡല്‍ഹി പ്രതിഷേധവും സംഘടിപ്പിച്ചിട്ടുള്ളത്.

എന്നാല്‍ സംസ്ഥാനത്ത് ഒരു തരത്തിലുള്ള പ്രതിഷേധവും നടത്താന്‍ അനുവദിക്കില്ലെന്ന ഉറച്ച നിലപാടിലാണ് ഡല്‍ഹി സര്‍ക്കാര്‍. തങ്ങളുടെ ജീവന്‍ മരണ പ്രശ്നമാണെന്നാണ് സര്ർക്കാരിന്റെ  വാദം.  26-27 തിയ്യതികളിലാണ് പ്രതിഷേധം നടക്കുന്നത്. തങ്ങള്‍ സമരത്തില്‍ നിന്ന് പിന്‍മാറില്ലെന്ന് കര്‍ഷക സംഘടനകളും പ്രഖ്യാപിച്ചിട്ടുണ്ട്.

Tags:    

Similar News