തിരുവനന്തപുരം: പ്രശസ്ത ഛായാഗ്രാഹകനും സംവിധായകനുമായ ശിവന്‍ എന്ന ശിവശങ്കരന്‍ നായര്‍(89) അന്തരിച്ചു. പുലര്‍ച്ചെ 12.15ന് ഹൃദയാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ വസതിയിലാണ് അന്ത്യം. ചെമ്മീന്‍ സിനിമയുടെ നിശ്ചലചിത്രങ്ങള്‍ കാമറയില്‍ പകര്‍ത്തിയശിവന് മൂന്നു തവണ ദേശീയ ചലച്ചിത്ര പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. സ്വപ്നം എന്ന ചിത്രത്തിന്റെ നിര്‍മാതാവും അഭയം, യാഗം, കൊച്ചു കൊച്ചു മോഹങ്ങള്‍, കിളിവാതില്‍, കേശു, ഒരു യാത്ര എന്നീ ചിത്രങ്ങളുടെ സംവിധായകനുമാണ്. തിരുവിതാംകൂറിലെയും തിരുകൊച്ചിയിലെയും പിന്നീട് ഐക്യകേരളത്തിലെയും ആദ്യ ഗവണ്‍മെന്റെ പ്രസ് ഫോട്ടോഗ്രഫറാണ്. 1959ല്‍ തിരുവനന്തപുരം സ്റ്റാച്യുവില്‍ ശിവന്‍സ് സ്റ്റുഡിയോ തുടങ്ങി. പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു മുതല്‍ നിരവധി നേതാക്കളുടെ രാഷ്ട്രീയ ജീവിതം കാമറയില്‍ പകര്‍ത്തി. ഹരിപ്പാട് പടീറ്റതില്‍ വീട്ടില്‍ ഗോപാലപിള്ളയുടെയും വെട്ടുവിളഞ്ഞതില്‍ വീട്ടില്‍ ഭവാനിയമ്മയുടെയും മകനാണ്. ചലച്ചിത്ര സംവിധായകന്‍ സംഗീത് ശിവന്‍, സംവിധായകനും ഛായാഗ്രാഹകനുമായ സന്തോഷ് ശിവന്‍, സഞ്ജീവ് ശിവന്‍, സരിത രാജീവ് എന്നിവര്‍ മക്കളാണ്.
Famous photographer Shivan has passed away