കുടുംബ ജീവിതം തകര്‍ത്തു; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേ വീണ്ടും പരാതിയുമായി ആദ്യ പരാതിക്കാരിയുടെ ഭര്‍ത്താവ്

പാലക്കാട് നാട്ടുകല്‍ പോലിസിലാണ് പരാതി നല്‍കിയിരിക്കുന്നത്

Update: 2026-02-06 12:57 GMT

പാലക്കാട്: ബലാല്‍സംഗ കേസില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേ വീണ്ടും പരാതിയുമയി ആദ്യ പരാതിക്കാരിയുടെ ഭര്‍ത്താവ്. രാഹുല്‍ തന്റെ കുടുംബ ജീവിതം തകര്‍ത്തെന്നാണ് പരാതിയില്‍ ഉന്നയിച്ചിട്ടുള്ളത്. പാലക്കാട് നാട്ടുകല്‍ പോലിസിലാണ് പരാതി നല്‍കിയിരിക്കുന്നത്. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേ ബിഎന്‍എസ് 84 വകുപ്പു പ്രകാരം കേസെടുക്കണമെന്നാണ് ആവശ്യം.

നേരത്തെ മുഖ്യമന്ത്രിക്കും ഡിജിപിക്കും ഇയാള്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ പരാതി നല്‍കി ഒരു മാസമായിട്ടും നടപടി ഉണ്ടായില്ലെന്നാണ് യുവാവ് പറയുന്നത്. മൂന്നാം ബലാല്‍സംഗ കേസില്‍ രാഹുലിന് ഒരാഴ്ച മുന്‍പ് ജാമ്യം ലഭിച്ചിരുന്നു. അറസ്റ്റിലായി പതിനെട്ടാം ദിവസമാണ് പത്തനംതിട്ട സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചത്. ബലാല്‍സംഗ കുറ്റം നിലനില്‍ക്കുമോ എന്ന കാര്യത്തില്‍ കൂടുതല്‍ അന്വേഷണം വേണമെന്ന് കോടതി ഉത്തരവിലുണ്ട്.

അതേസമയം, ബലാല്‍സംഗ കേസുകളുമായി ബന്ധപ്പെട്ട് രാഹുല്‍ മാങ്കൂട്ടത്തിലിനെ അയോഗ്യനാക്കണമെന്ന പരാതി നല്‍കിയ ഡി കെ മുരളിയെ ഹിയറിങ് നടത്താന്‍ നിയമസഭ പ്രിവിലേജ് ആന്റ് എത്തിക്ക്‌സ് കമ്മിറ്റി തീരുമാനമായി. 23ന് കമ്മിറ്റിക്ക് മുന്‍പാകെ ഹാജരാകാനാണ് മുരളിക്ക് നിര്‍ദ്ദേശം. മുരളിയുടെ പരാതിയില്‍ സാങ്കേതിക പിഴവുണ്ടെന്ന് എത്തിക്‌സ് കമ്മിറ്റിയിലെ പ്രതിപക്ഷ അംഗങ്ങള്‍ ഉന്നയിച്ചു. രാഹുലിന്റെ കേസുകള്‍ ഉയര്‍ത്തി വിഷയം ക്രമപ്രശ്‌നമായി ഉന്നയിക്കാന്‍ അവസരം നല്‍കണമെന്നാണ് ഡി കെ മുരളിയുടെ ആവശ്യം. ഇത്തരമൊരു ആവശ്യം എന്തിനാണ് എത്തിക്‌സ് കമ്മിറ്റി പരിഗണിക്കുന്നതെന്നായിരുന്നു പ്രതിപക്ഷ അംഗങ്ങളുടെ ചോദ്യം. മുരളിക്ക് പിന്നാലെ രാഹുലിനെ കൂടി കേട്ടശേഷമായിരിക്കും കമ്മിറ്റി തീരുമാനം. സാങ്കേതിക നടപടികള്‍ നീളുന്നതിനാല്‍ ഈ സമ്മേളനകാലത്ത് അന്തിമനടപടിയുണ്ടാകില്ല.

Tags: