വിജിലന്‍സ് ഉദ്യോഗസ്ഥരെന്ന വ്യാജേന ഭീഷണിപ്പെടുത്തി പണം തട്ടിയവര്‍ പിടിയില്‍

Update: 2020-09-08 14:36 GMT

പെരിന്തല്‍മണ്ണ: വിജിലന്‍സ് ഉദ്യോഗസ്ഥരെന്ന വ്യാജേന ഭീഷണിപ്പെടുത്തി പണംതട്ടിയ രണ്ടുപേര്‍ അറസ്റ്റില്‍. മഞ്ചേരി പട്ടര്‍കുളം മറുകര താഴങ്ങാടി മഠത്തില്‍ വീട്ടില്‍ സെയ്ദ് മുഹമ്മദ് ഹാദി തങ്ങള്‍(52), പാണ്ടിക്കാട് വള്ളുവങ്ങാട് പൂളക്കുണ്ടന്‍ വീട്ടില്‍ മുഹമ്മദ് നൗഫല്‍(39) എന്നിവരെയാണ് പെരിന്തല്‍മണ്ണ എഎസ് പി ഹേമലതയുടെ നേതൃത്വത്തിലുള്ള പ്രത്യേകാന്വേഷണസംഘം അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച വൈകീട്ട് മൂന്നോടെ മങ്കട യുകെ പടി സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ടിപ്പര്‍ ലോറികള്‍ തടയുകയും കഴുത്തിലണിഞ്ഞ വിജിലന്‍സ് ആന്റ് ആന്റി കറപഷന്‍ ഓഫ് ഇന്ത്യ എന്ന ടാഗ് കാണിച്ചുകൊടുക്കുകയും സെന്‍ട്രല്‍ വിജിലന്‍സ് ഉദ്യോഗസ്ഥരാണെന്നു തെറ്റിദ്ധരിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് വാഹനവും രേഖകളും പരിശോധിച്ച ശേഷം അനധികൃത ചെങ്കല്‍ ക്വാറിയില്‍ നിന്നു കല്ല് കടത്തിക്കൊണ്ടു പോവുകയാണെന്നും വാഹനങ്ങള്‍ കസ്റ്റഡിയിലെടുക്കുകയാണെന്നും ഭീഷണിപ്പെടുത്തി. വാഹനം കസ്റ്റഡിയിലെടുക്കാതിരിക്കാനും കേസില്‍ പ്രതികളാക്കാതിരിക്കാനും പരാതിക്കാരനെ ഭീഷണിപ്പെടുത്തി പതിനായിരം രൂപ വാങ്ങുകയും ചെയ്തു.

    ഇവരുടെ നടപടിയില്‍ സംശയം തോന്നിയ മങ്കട സ്വദേശി മങ്കട പോലിസ് സ്റ്റേഷനില്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തു. പെരിന്തല്‍മണ്ണ എഎസ്പി ഹേമലതയുടെ നേതൃത്വത്തില്‍ മങ്കട ഇന്‍സ്‌പെക്ടര്‍ സി എന്‍ സുകുമാരനാണ് അന്വേഷണം നടത്തിയത്. പ്രതികള്‍ വന്ന വാഹനത്തിന്റെ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ വലയിലായത്. മങ്കട ഇന്‍സ്‌പെക്ടര്‍ സി എം സുകുമാരന്‍, സീനിയര്‍ സിവില്‍ പോലിസ് ഓഫിസര്‍ അബ്ദുസ്സലാം നെല്ലായ, ജയമണി, സിവില്‍ പോലിസ് ഓഫിസര്‍മാരായ ബാലകൃഷ്ണന്‍, രാജീവ്, സമീര്‍ പുല്ലോടന്‍, ഷമീര്‍ ഹുസയ്ന്‍, സുധീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ പ്രതികള്‍ സഞ്ചരിച്ച വാഹനവും നിരവധി വ്യാജ രേഖകളും പിടിച്ചെടുത്തു. തുടര്‍ന്ന് പ്രതികളെ പെരിന്തല്‍മണ്ണ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് രണ്ടാം കോടതിയില്‍ ഹാജരാക്കി.

Fake 'Vigilance officers' arrested for making false threats




Tags:    

Similar News