വിജിലന്‍സ് ഓഫിസര്‍ ചമഞ്ഞ് വില കൂടിയ മൊബൈല്‍ തട്ടിയ യുവാവ് അറസ്റ്റില്‍

Update: 2022-07-31 08:31 GMT

കല്‍പ്പറ്റ: വിജിലന്‍സ് ഓഫിസര്‍ ചമഞ്ഞ് മൊബൈല്‍ ഫോണ്‍ തട്ടിയെന്ന പരാതിയില്‍ നിരവധി കേസുകളില്‍ പ്രതിയായ തട്ടിപ്പ് വീരന്‍ അറസ്റ്റില്‍.

സുല്‍ത്താന്‍ ബത്തേരി പോലിസില്‍ കുപ്പാടി സ്വദേശി നല്‍കിയ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് അന്തര്‍ സംസ്ഥാനബന്ധമുള്ള തട്ടിപ്പു കേസുകളിലെ പ്രതി കുടുങ്ങിയത്.

കോഴിക്കോട് പറമ്പില്‍ ബസാര്‍ കോഴിശ്ശേരി വീട് ഹര്‍ഷാദലി (33) ആണ് പിടിയിലായത്. മെയ് 28ന് വിജിലന്‍സ് ഓഫിസര്‍ എന്ന വ്യാജേന പരാതിക്കാരനെ സമീപിച്ച ഹര്‍ഷാദലി 55,000 രൂപ വരുന്ന ഫോണ്‍ കൈപ്പറ്റി പണം നല്‍കാതെ കബളിപ്പിക്കുകയായിരുന്നു. കൂടുതല്‍ അന്വേഷണം നടത്തിയപ്പോള്‍ വയനാട് ജില്ലയിലും കേരളത്തിലെ മറ്റു ജില്ലകളിലും മറ്റു സംസ്ഥാനങ്ങളിലും ഇയാള്‍ സമാനമായ തട്ടിപ്പുകള്‍ നടത്തിയതായി പോലിസിന് വ്യക്തമായി. പ്രതി തന്റെ ഇരകളോട് പല ആവശ്യങ്ങള്‍ പറഞ്ഞും, വാഗ്ദാനങ്ങള്‍ നല്‍കിയും തട്ടിപ്പ് നടത്തി കബളിപ്പിക്കുകയാണ് പതിവ്. സുല്‍ത്താന്‍ബത്തേരി പോലിസ് കേസെടുത്ത് കൂടുതല്‍ അന്വേഷണം നടത്തി വരികയാണ്.