2020 ജൂലൈയില്‍ നടത്താനിരിക്കുന്ന നീറ്റ് യുജി പ്രവേശന പരീക്ഷ മാറ്റിവച്ചുവെന്ന അറിയിപ്പ് വ്യാജമെന്ന് എന്‍ ടി എ

Update: 2020-06-17 12:03 GMT

ന്യൂഡല്‍ഹി: 2020 ജൂലൈയില്‍ നടക്കേണ്ട നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ് (നീറ്റ്) അണ്ടര്‍ ഗ്രാജുവേറ്റ് പ്രവേശന പരീക്ഷ നീട്ടിവച്ചു എന്ന രീതിയില്‍ വിവിധ ഇടങ്ങളിലും സാമൂഹ്യ മാധ്യമങ്ങളിലും പ്രചരിക്കുന്ന വ്യാജ പൊതു അറിയിപ്പ് ശ്രദ്ധയില്‍ പെട്ടതായി നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി (എന്‍ ടി എ) അറിയിച്ചു. ഈ വ്യാജ അറിയിപ്പ് ഗൗരവത്തില്‍ എടുക്കുന്നതായും ഇതിനു പിന്നിലെ ഉറവിടം സംബന്ധിച്ച് അന്വേഷണം ആരംഭിച്ചതായും എന്‍ ടി എ വ്യക്തമാക്കി.

എന്‍ ടി എ യോ മറ്റ് ബന്ധപ്പെട്ട അധികാരികളോ അങ്ങനെയൊരു തീരുമാനം ഇതുവരെ എടുത്തിട്ടില്ല. തെറ്റായ ഇത്തരം അറിയിപ്പുകള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്നും അറിയിപ്പുകള്‍ക്കായി എന്‍ ടി എ യുടെ ഓദ്യോഗിക വെബ്‌സൈറ്റ് ആയ www.nta.ac.in അല്ലെങ്കില്‍ ntaneet.nic.in എന്നിവയെ ആശ്രയിക്കണമെന്നും എന്‍ ടി എ ആവശ്യപ്പെട്ടു.

പരീക്ഷയുമായി ബന്ധപ്പെട്ട് 2020 മെയ് 11 നു പുറത്തിറക്കിയ ഔദ്യോഗിക അറിയിപ്പ് എന്‍ ടി എ വെബ്‌സൈറ്റില്‍ ലഭ്യമാണ്.