ആയിക്കര മല്‍സ്യത്തൊഴിലാളി സഹകരണ സംഘം തട്ടിപ്പ്; മരിച്ചവരെയും ജാമ്യക്കാരാക്കി കോടികളുടെ വ്യാജ വായ്പ
കണ്ണൂര്‍: ആയിക്കരയിലെ മല്‍സ്യത്തൊഴിലാളി സഹകരണ സംഘത്തില്‍ കോടികള്‍ വിലമതിക്കുന്ന വ്യാജ വായ്പ തട്ടിപ്പ് നടന്നതായി ഫിഷറീസ് വകുപ്പിന്റെ അന്വേഷണ റിപ്പോര്‍ട്ടില്‍ വെളിപ്പെട്ടു. 20 വര്‍ഷം മുന്‍പ് മരിച്ചവരെ പോലും ജാമ്യക്കാരാക്കി ചിത്രീകരിച്ച് സംഘം സെക്രട്ടറിയും ഭരണസമിതി അംഗങ്ങളും ചേര്‍ന്നാണ് തട്ടിപ്പ് നടത്തിയത്. സംഘടിത കൊള്ളയായാണ് സംഭവത്തെ റിപ്പോര്‍ട്ടില്‍ വിശേഷിപ്പിക്കുന്നത്.
അംഗങ്ങള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കിലും, ഇതുവരെ പോലിസ് കാര്യമായ നടപടികള്‍ സ്വീകരിച്ചിട്ടില്ല. വര്‍ഷങ്ങളായി തൊഴിലാളികളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിച്ചിരുന്ന സംഘം, ഇപ്പോള്‍ വ്യാജ വായ്പ സംഘമായി മാറിയതില്‍ ആയിക്കരയിലെ രണ്ടായിരത്തിലധികം മല്‍സ്യത്തൊഴിലാളികളും നിക്ഷേപകരും ഗുരുതര ആശങ്കയിലാണ്.
ഫിഷറീസ് അസിസ്റ്റന്റ് രജിസ്ട്രാര്‍ പിജി സന്തോഷ് കുമാര്‍ തയ്യാറാക്കിയ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നതനുസരിച്ച്, വ്യാജമായി സൃഷ്ടിച്ച നിരവധി സേവിംഗ്‌സ് അക്കൗണ്ടുകള്‍ വഴി കോടിക്കണക്കിന് രൂപയുടെ ഇടപാടുകള്‍ നടന്നിട്ടുണ്ട്. നിക്ഷേപകരുടെ അറിവില്ലാതെ അക്കൗണ്ടുകളില്‍ നിന്നു വലിയ തുകകള്‍ പിന്‍വലിക്കുകയും, സംഘത്തിലെ ജീവനക്കാരുടെയും ഭാരവാഹികളുടെയും പേരില്‍ വ്യാജ അക്കൗണ്ടുകള്‍ തുറക്കുകയും ചെയ്തതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.
സെക്രട്ടറിയായിരുന്ന സുനിതയുടെ മകളുടെ പേരിലും സേവിംഗ്‌സ് അക്കൗണ്ട് തുറന്ന് കോടികള്‍ വിലമതിക്കുന്ന ഇടപാടുകള്‍ നടത്തിയതായി രേഖകളില്‍ തെളിവുകളുണ്ട്. കണ്ണൂര്‍ സ്വദേശിയായ സിറാജിന്റെ എസ്ബിഐ അക്കൗണ്ടില്‍ 1.70 കോടി രൂപയും അജീനയുടെ അക്കൗണ്ടില്‍ 1.30 കോടി രൂപയും ഇടപാടുകള്‍ നടന്നിട്ടുണ്ടെന്ന് രേഖകള്‍ കാണിക്കുന്നുവെങ്കിലും, ഇരുവരും ഇതുസംബന്ധിച്ച് അറിവില്ലെന്നു മൊഴി നല്‍കിയിട്ടുണ്ട്.
നിക്ഷേപകരുടെ സമ്മര്‍ദത്തെത്തുടര്‍ന്ന് കഴിഞ്ഞ ജനുവരിയില്‍ കണ്ണൂര്‍ സിറ്റി പോലിസ്, സെക്രട്ടറിയെയും ഭരണസമിതി അംഗങ്ങള്‍ക്കെതിരെയും കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. എന്നാല്‍ തുടര്‍ന്ന് നടപടികളൊന്നും ഉണ്ടായിട്ടില്ല. സെക്രട്ടറി ഒളിവിലാണെന്ന സംഘത്തിന്റെ വാദം തൊഴിലാളികള്‍ തള്ളിക്കളയുകയും, തട്ടിപ്പില്‍ പങ്കാളികളായ എല്ലാവര്‍ക്കുമെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
