വ്യാജ ഡോളര്‍ കേസ്; 38 വര്‍ഷങ്ങള്‍ക്കു ശേഷം ചുമട്ടുതൊഴിലാളിക്ക് ഹൈക്കോടതിയുടെ നീതി
കൊച്ചി: 1987ല്‍ വ്യാജ അമേരിക്കന്‍ ഡോളര്‍ കൈവശം വച്ച കേസില്‍ മൂന്നു വര്‍ഷം കഠിനതടവിന് ശിക്ഷിക്കപ്പെട്ട ചുമട്ടുതൊഴിലാളി 38 വര്‍ഷങ്ങള്‍ക്കുശേഷം കുറ്റവിമുക്തനായി. തിരുവനന്തപുരം പാല്‍ക്കുളങ്ങര സ്വദേശിയായ അബ്ദുള്‍ ഹക്കീമിനെയാണ് ഹൈക്കോടതി വെറുതെ വിട്ടത്. കൊല്ലം അഡീഷണല്‍ ജില്ലാ കോടതി 2009ല്‍ വിധിച്ച ശിക്ഷ റദ്ദാക്കിയാണ് ജസ്റ്റിസ് ജോണ്‍സണ്‍ ജോണിന്റെ ഉത്തരവ്.
1987 ഓഗസ്റ്റ് 4നായിരുന്നു സംഭവം. തിരുവനന്തപുരം വിമാനത്താവളത്തിന് സമീപത്തുനിന്ന് വലിയതുറ പോലിസ് സ്റ്റേഷനിലെ സബ് ഇന്‍സ്‌പെക്ടര്‍ അബ്ദുള്‍ ഹക്കീമിനെ വ്യാജ 100 ഡോളര്‍ നോട്ടുമായി പിടികൂടിയിരുന്നു. വ്യാജ നോട്ടിനെ യഥാര്‍ഥ ഡോളറാണെന്ന് പറഞ്ഞ് വര്‍ഗീസ് എന്നയാള്‍ക്ക് കൈമാറാന്‍ ശ്രമിച്ചുവെന്നായിരുന്നു കേസ്. എന്നാല്‍, തനിക്കൊപ്പം ബാഗുകള്‍ ബസിലേയ്ക്ക് കയറ്റിയ ചുമട്ടുതൊഴിലാളികള്‍ക്ക് പ്രതിഫലമായി വിദേശികള്‍ നല്‍കിയതായിരുന്നു ആ നോട്ടെന്ന് അബ്ദുള്‍ ഹക്കീം അപ്പീലില്‍ വ്യക്തമാക്കി. നോട്ടു വ്യാജമാണെന്ന് പിന്നീട് മാത്രമേ മനസ്സിലായിരുന്നുള്ളു എന്നും അന്ന് പോലിസുകാര്‍ക്ക് വിശദീകരിച്ചെങ്കിലും, വിചാരണക്കോടതി അതു അംഗീകരിച്ചില്ല.
ഹൈക്കോടതി ഈ വാദം പരിഗണിച്ച്, പ്രതി വ്യാജ നോട്ടാണെന്ന് അറിഞ്ഞുകൊണ്ട് കൈവശം വച്ചുവെന്നത് തെളിയിക്കാനാകാത്തതിനാല്‍ കുറ്റം നിലനില്‍ക്കില്ലെന്ന് വിധിച്ചു. അതിനാല്‍ ശിക്ഷ റദ്ദാക്കുകയും അബ്ദുള്‍ ഹക്കീമിനെ വെറുതെ വിടുകയും ചെയ്തു.