വ്യാജ ഡീസല്‍ ഉപയോഗം: പരിശോധന കര്‍ശനമാക്കുമെന്ന് മന്ത്രി ആന്റണി രാജു

വ്യവസായാവശ്യങ്ങള്‍ക്ക് മാത്രം ഉപയോഗിക്കേണ്ട പ്രത്യേക തരം ഡീസല്‍ വാഹനങ്ങളില്‍ ഉപയോഗിച്ചാലുണ്ടാകാവുന്ന തീപ്പിടുത്ത സാധ്യതയും അന്തരീക്ഷ മലിനീകരണവും കണക്കിലെടുത്താണ് നടപടി.

Update: 2021-11-05 09:38 GMT

തിരുവനന്തപുരം: സംസ്ഥാനത്തെ വ്യാജ ഡീസല്‍ ഉപയോഗം തടയാന്‍ കര്‍ശന പരിശോധന നടത്താന്‍ മന്ത്രി ആന്റണി രാജുവിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നത തല യോഗം തീരുമാനിച്ചു. വ്യവസായ ആവശ്യത്തിനു മാത്രം ഉപയോഗിക്കേണ്ട ഗുണ നിലവാരം കുറഞ്ഞതും അപകടസാദ്ധ്യതയുള്ളതുമായ വ്യാജ ഡീസല്‍ സംസ്ഥാനത്തെ ചില സ്ഥലങ്ങളില്‍ വാഹനങ്ങളില്‍ വ്യാപകമായി ഉപയോഗിക്കുന്നത് ശ്രദ്ധയില്‍ പെട്ടു. ഈ സാഹചര്യത്തില്‍ ഇന്ധനക്കമ്പനി പ്രതിനിധികളുമായി ഗതാഗത മന്ത്രി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് തീരുമാനം.

വ്യവസായാവശ്യങ്ങള്‍ക്ക് മാത്രം ഉപയോഗിക്കേണ്ട പ്രത്യേക തരം ഡീസല്‍ വാഹനങ്ങളില്‍ ഉപയോഗിച്ചാലുണ്ടാകാവുന്ന തീപിടുത്ത സാധ്യതയും അന്തരീക്ഷ മലിനീകരണവും കണക്കിലെടുത്താണ് നടപടി. ഇന്ധന വിലയിലെ ചെറിയ ലാഭം മുന്നില്‍ കണ്ടുള്ള വാഹന ഉടമകളുടെ ഈ പ്രവൃത്തി മൂലം യാത്രക്കാരുടെ ജീവന്‍ അപകടത്തിലാക്കാന്‍ അനുവദിക്കില്ലെന്ന് മന്ത്രി പറഞ്ഞു.

വ്യാജ ഇന്ധനം ഉപയോഗിക്കുന്ന സ്വകാര്യ വാഹനങ്ങളെ നിരീക്ഷിച്ച് രജിസ്‌ട്രേഷനും പെര്‍മിറ്റും റദ്ദാക്കുന്നതുള്‍പ്പെടെയുള്ള കര്‍ശന നടപടികളെടുക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്താന്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറോട് മന്ത്രി ആന്റണി രാജു നിര്‍ദ്ദേശിച്ചു.

വ്യാജ ഡീസലുപയോഗിക്കുന്ന പ്രദേശങ്ങള്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ നിരീക്ഷണത്തിലാണെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ അറിയിച്ചു. ഡീസലിന്റെ ഗുണനിലവാരം പരിശോധിക്കാനുള്ള ഇന്ധനക്കമ്പനികളുടെ സംവിധാനം നല്‍കുന്നതുള്‍പ്പെടെയുള്ള സഹകരണം കമ്പനി പ്രതിനിധികള്‍ വാഗ്ദാനം ചെയ്തു. യാത്രക്കാര്‍ക്ക് അപകടകരമായ ഇത്തരം പ്രവൃത്തികളില്‍ നിന്ന് ഡ്രൈവര്‍മാരും വാഹന ഉടമകളും പിന്മാറണമെന്ന് മന്ത്രി ആന്റണി രാജു അഭ്യര്‍ത്ഥിച്ചു. ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ എംആര്‍ അജിത് കുമാര്‍, ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍, ഭാരത് പെട്രോളിയം കോര്‍പറേഷന്‍, മോട്ടോര്‍ വാഹന വകുപ്പ് എന്നിവയുടെ ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

Tags: